അഴിമതി കേസ് അന്വേഷിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഭയം; രാജപക്‌സയെ പേടിച്ച് ഓടിയൊളിച്ച് പോലീസ് ഓഫീസർ

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രജപക്‌സെ ചുമതലയേറ്റതോടെ രാജ്യത്തെ മുതിർന്ന പോലീസ് ഓഫീസർ ഭയന്ന് നാട് വിട്ടു. മഹിന്ദ രാജപക്‌സെയുടെ ഭരണകാലത്തെ അഴിമതി അന്വേഷിച്ച പോലീസ് ഓഫീസറാണ് പ്രതികാരനടപടി ഭയന്ന് രാജ്യത്ത് നിന്നും കടന്നത്.

ശ്രീലങ്കയിൽ രാജപക്‌സെ സഹോദരങ്ങൾ പ്രധാനമന്ത്രിയായും പ്രസിഡന്റായും അധികാരത്തിൽ എത്തിയതോടെയാണ് ഉയർന്ന ഉദ്യോഗസ്ഥൻ നിഷാന്ത സിൽവ ജനീവയിലേക്ക് നാട് വിട്ട് ഓടിയത്. ഉദ്യോഗസ്ഥൻ അനുമതിയില്ലാതെ രാജ്യം വിട്ടതു സംബന്ധിച്ച് അന്വേഷണവും തുടങ്ങി.

നിഷാന്ത സിൽവ, മഹിന്ദ രാജപക്‌സെ പ്രസിഡന്റ് ആയിരുന്ന 2005-15 കാലഘട്ടത്തിലെ അഴിമതിക്കേസുകൾ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. അതേസമയം, രാഷ്ട്രീയലാഭം മുൻനിർത്തി അധികാരം ദുർവിനിയോഗം ചെയ്ത ഉദ്യോഗസ്ഥർക്ക് നാടുവിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് നിഷാന്തയുടെ രാജ്യം വിടൽ വാർത്തയാകുന്നത്. ഗോട്ടബയ പ്രസിഡന്റായതിന് പിന്നാലെ നിഷാന്തയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.

Exit mobile version