പൂച്ച പൂജാരിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തുന്നത് നിരവധി ഭക്തര്‍! കൗതുകമായി ജപ്പാനിലെ പൂച്ച ക്ഷേത്രം

പൂച്ചകളോടുള്ള ഇഷ്ടം മൂത്ത് അവര്‍ക്കായി ഒരു ക്ഷേത്രമാണ് ജപ്പാനില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നമ്മളില്‍ പലര്‍ക്കും വളര്‍ത്തുമൃഗങ്ങളായ പൂച്ചയേയും നായയേയും വലിയ ഇഷ്ടമാണ്. പലരുടെയും വീട്ടില്‍ സ്വന്തം കുടുംബാംഗങ്ങളെ പോലെ തന്നെയാണ് അവരെയും നമ്മള്‍ വളര്‍ത്താറുള്ളത്. എന്നാല്‍ നമ്മുടെ നാട്ടിലെ പോലെയല്ല ജപ്പാനില്‍ പൂച്ചകളോടുള്ള ഇഷ്ടം. പൂച്ചകളോടുള്ള ഇഷ്ടം മൂത്ത് അവര്‍ക്കായി ഒരു ക്ഷേത്രമാണ് ജപ്പാനില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്താണ് ഈ പൂച്ച ക്ഷേത്രം. ‘ന്യാന്‍ ന്യാന്‍ ജി’ എന്നാണ് ജാപ്പനീസില്‍ ഈ ക്ഷേത്രത്തിന്റെ പേര്. അതിനെ മലയാളീകരിച്ചാല്‍ ‘മ്യാവൂ മ്യാവൂ ക്ഷേത്രം’ എന്ന് കിട്ടും.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജാരിയാണ് കൊയൂകി എന്ന പൂച്ച. കൊയൂകിയുടെ അനുഗ്രഹം വാങ്ങാന്‍ ഒട്ടേറെ ആളുകളാണ് ക്ഷേത്രത്തില്‍ എത്തുന്നത്. കൊയൂകിയോടൊപ്പം വാക, ചിന്‍, അരുജി, റെന്‍, കൊനാറ്റ്‌സു, ചിചി എന്നീ ആറ് പൂച്ചകള്‍ കൂടി ഈ പരിശുദ്ധ ദേവാലയത്തിലുണ്ട്.

2016ലാണ് ഈ ക്ഷേത്രം തുടങ്ങിയത്. തോരു കായ എന്ന ചിത്രകാരനാണ് ഈ ആശയത്തിനു പിന്നില്‍. പൂച്ചകളുമായി ബന്ധപ്പെട്ട ചുവര്‍ ചിത്രങ്ങളും പെയിന്റിംഗുകളും പ്രതിമകളുമൊക്കെയാണ് ക്ഷേത്രത്തില്‍ ഉള്ളത്. കൊയൂകി ഈ ക്ഷേത്രത്തിലെ മൂന്നാമത്തെ മുഖ്യപൂജാരിയാണ്. തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്കും സഹായികള്‍ക്കും വലിയ കാര്യമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിയ്ക്ക്.


ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യവും ഈ പൂച്ച ക്ഷേത്രത്തിലുണ്ട്. കഴിക്കുന്ന ഭക്ഷണവും പാത്രവുമൊക്കെ പൂച്ചയുമായി ബന്ധപ്പെട്ടതാണ്.

Exit mobile version