ആദ്യ കാഴ്ചയില്‍ പൂര്‍ണ്ണ ഗര്‍ഭിണി; പരിശോധനയില്‍ കണ്ടത് 15ഓളം കഞ്ചാവ് പൊതികള്‍ അടങ്ങിയ ബാഗ്, വ്യാജഗര്‍ഭത്തെ പൊളിച്ച് പോലീസ്

സാധാരണ നടത്താറുള്ള പരിശോധനയ്ക്കായിട്ടാണ് പോലീസ് ട്രെയിനില്‍ കയറിയത്.

അര്‍ജന്റീന: കഞ്ചാവ് കടത്തലിന് പുതിയ വഴികള്‍ തേടുന്നവര്‍ അനവധിയാണ്. ഇപ്പോള്‍ കഞ്ചാവ് കടത്തലിന് തേടിയ പുതിയ വഴിയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വ്യാജ ഗര്‍ഭത്തിലൂടെയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. അര്‍ജന്റീനയിലാണ് സംഭവം. ട്രെയിനില്‍ വെച്ചാണ് വ്യാജഗര്‍ഭത്തിലൂടെ കഞ്ചാവ് കടത്തിയത്. യുവതിയെ പോലീസ് പിടികൂടി. കാഴ്ചയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

ഇവരോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. സാധാരണ നടത്താറുള്ള പരിശോധനയ്ക്കായിട്ടാണ് പോലീസ് ട്രെയിനില്‍ കയറിയത്. പരിശോധനയ്ക്കിടെ യുവാവിന്റെ ബാഗില്‍ നിന്നും സംശയം തോന്നിക്കുന്ന രണ്ട് പൊതികള്‍ പോലീസിന് ലഭിച്ചു. അയാളോട് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. യുവാവിനൊപ്പം ഗര്‍ഭിണിയായ യുവതിയും ഇറങ്ങി. അപ്പോഴാണ് പോലീസ് അവരെ ശ്രദ്ധിക്കുന്നത്.

യുവതിയുടെ പെരുമാറ്റത്തില്‍ ഭയം നിഴലിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഗര്‍ഭമല്ല, കഞ്ചാവാണെന്ന് മനസിലായത്. ചര്‍മത്തിന്റെ നിറത്തില്‍ അര്‍ധവൃത്താകൃതിയിലുള്ള വലിയ ബാഗുണ്ടാക്കി 15 പാക്കറ്റ് കഞ്ചാവാണ് ഇവര്‍ ഒളിപ്പിച്ചത്. ഏകദേശം 4 കിലോയോളം കഞ്ചാവാണ് കടത്താന്‍ ശ്രമം നടത്തിയത്. ഒരിനം പേയ്സ്റ്റ് ഉപയോഗിച്ചാണ് ഇവര്‍ ബാഗ് വയറിനോട് ചേര്‍ത്ത് ഒട്ടിച്ച് വ്യാജഗര്‍ഭമുണ്ടാക്കിയത്. ഒറ്റനോട്ടത്തില്‍ യുവതിയുടേത് ഒറിജിനലിനെ വെല്ലുന്ന ഗര്‍ഭമായിരുന്നുവെന്ന് പോലീസ് പറയുന്നു.

Exit mobile version