കടുത്ത വിഷാദവും ഉത്കണ്ഠയും സഹിക്കാനാകുന്നില്ല; ജാമ്യം അനുവദിക്കണമെന്ന് നീരവ് മോദി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പായെടുത്ത് രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോദി പുതിയ ജാമ്യാപേക്ഷയുമായി കോടതിയിൽ. കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും നീരവ് തന്റെ പുതിയ ജാമ്യാപേക്ഷയിൽ ലണ്ടൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തന്നെ വീട്ടുതടങ്കലിൽ അടച്ചോളൂ എന്നും നീരവ് ജാമ്യാപേക്ഷയിൽ പറയുന്നു. മാർച്ച് 19ന് അറസ്റ്റിലായ നീരവ് മോദിയുടെ നാല് ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. ലണ്ടൻ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചതോടെ പുതിയ കാരണം നിരത്തി മാത്രമേ നീരവിന് ഇനി ജാമ്യാപേക്ഷ സമർപ്പിക്കാൻ കഴിയൂ. ഇത് ഉന്നംവച്ചാണ് നീരവ് ആരോഗ്യപ്രശ്നങ്ങളുന്നയിക്കുന്നതെന്ന് നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ജാമ്യം അനുവദിച്ചാൽ രാജ്യം വിടാൻ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലണ്ടൻ കോടതി നാലാമത്തെ അപേക്ഷയിലും ജാമ്യം നിഷേധിച്ചത്. നിലവിൽ ലണ്ടനിലെ വാൻസ് വർത്ത് ജയിലിലാണ് നീരവ് മോദി. അതോടൊപ്പം നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.

Exit mobile version