അൽ ബാഗ്ദാദിയുടെ അവസാന നിമിഷങ്ങൾ ഭീരുവിനെ പോലെ; രക്ഷാകവചമായി കുട്ടികളെ എടുത്ത് നിലവിളിച്ച് ഓടി; ‘കൊടും ഭീകരന്’ പിന്നാലെ പാഞ്ഞ് വേട്ടപ്പട്ടികൾ

ബെയ്‌റൂട്ട്: ലോകത്തെ തന്നെ വിറപ്പിച്ചെന്ന് അവകാശപ്പെടുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ അവസാന നിമിഷങ്ങൾ പേടിച്ചരണ്ട് നിലവിളിച്ച് ഓടുന്ന ഭീരുവിനെ പോലെയായിരുന്നെന്ന് യുഎസ്. രണ്ടു മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് ബാഗ്ദാദിയുടെ സിറിയയിലെ ഒളിത്താവളം യുഎസ് സൈന്യം തകർത്തിട്ടത്. യുഎസ് സൈന്യത്തിന്റെ ഭാഗമായ ജോയിന്റ് സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡോ സംഘത്തിലെ ഡെൽറ്റ ടീമിന്റെ 8 ഹെലികോപ്റ്ററുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളാണ് ബാഗ്ദാദിയെന്ന ഭീകരന്റെ ഒടുക്കത്തിലേക്ക് നയിച്ചത്.

ഒരു മാസമായി സിറിയയിലെ ബാഗ്ദാദിയുടെ ഒളിത്താവളം യുഎസ് സൈന്യത്തിന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. മൂന്ന് തവണ മാറ്റിവെച്ച ഓപ്പറേഷനാണ് കഴിഞ്ഞദിവസം നടപ്പാക്കിയത്. രണ്ടാഴ്ച മുൻപ് യുഎസ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കൃത്യ സമയത്തിനായി കാത്തിരിപ്പിലായിരുന്നു. ഓപ്പറേഷന്റെ വിവരങ്ങൾ ഡെൽറ്റ ടീമിന് പുറമെ അറിയാമായിരുന്നത് യുഎസ് പ്രസിഡന്റ് ട്രംപിനും സുരക്ഷാ ഉപദേഷ്ടാവിനും അടുത്തവൃത്തങ്ങൾക്കും മാത്രം.

നീക്കങ്ങൾ ലൈവായി യുഎസ് പ്രസിഡന്റ് വീക്ഷിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെയോടെയാണ് ആക്രമണത്തിനുള്ള സമയം ഒത്തുവന്നത്. 8 ഹെലികോപ്റ്ററുകളിലായി ഡെൽറ്റ ടീമിലെ സൈനികർ ബാരിഷ ഗ്രാമത്തിനു മുകളിലേക്ക് അതിവേഗത്തിൽ പറന്നെത്തി. അകമ്പടിയായി യുദ്ധവിമാനങ്ങളും. ആദ്യം കെട്ടിടത്തിലേക്കു മിസൈൽ വർഷിച്ചു. പിന്നാലെ, സൈനികർ താഴേക്കിറങ്ങി. ഇവർക്ക് നേരെ ഒളികേന്ദ്രത്തിൽ നാടൻ തോക്കുകൾ ഉപയോഗിച്ച് വെടിവെപ്പ് ഉണ്ടായെങ്കിലും യുഎസ് സൈനികർക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ല.

പരിശീലനം സിദ്ധിച്ച വേട്ടനായ്ക്കളുടെ സഹായത്തോടെ സൈനികർ മുന്നോട്ട് കുതിച്ചു. ആദ്യം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ ബാഗ്ദാദി ഭയപ്പെട്ട് ജീവനുംകൊണ്ട് പാഞ്ഞു. കുട്ടികളെയും എടുത്തുകൊണ്ടായിരുന്നു ഓട്ടം. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള കവചമായാണ് ബാഗ്ദാദി കുട്ടികളെ എടുത്തത്. കെട്ടിടത്തിനു താഴെയുള്ള തുരങ്കങ്ങളിലൂടെ കുട്ടികളുമായി രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷേ, പിന്നാലെയെത്തിയ നായ്ക്കൾ വിട്ടില്ല. പിന്നാലെ ഓടി. സൈനികർ അടുത്തെത്തുമെന്നുറപ്പായതോടെ ബാഗ്ദാദി ചാവേറായി പൊട്ടിത്തെറിച്ചു. ചേർത്ത് പിടിച്ച കുട്ടികളും കൂടെ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഡിഎൻഎ പരിശോധന നടത്തി കൊല്ലപ്പെട്ടത് ബാഗ്ദാദിയാണെന്ന് സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു.

ബാഗ്ദാദിയുടെ രണ്ട് ഭാര്യമാരും ദേഹത്ത് വെടിക്കോപ്പുകൾ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ചാവേറായി പൊട്ടിത്തെറിക്കുന്നതിനു മുമ്പെ ഇവർ കൊല്ലപ്പെടുകയും ചെയ്തു. നിലവിളിച്ചായിരുന്നു ബാഗ്ദാദി ജീവൻ രക്ഷിക്കാൻ ഓടിയതെന്ന് ആക്രമണം സ്ഥിരീകരിക്കുന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.വേട്ടനായ്ക്കൾക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ചികിത്സ തുടരുകയാണെന്നും യുഎസ് സൈന്യം അറിയിച്ചു.

ബാഗ്ദാദിയെ കീഴടക്കുക അല്ലെങ്കിൽ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ സന്നാഹങ്ങളുമായി സിറിയയിലെത്തിയ യുഎസ് സൈന്യം, തുരങ്കത്തിൽ പ്രവേശിക്കാൻ കഴിയുന്ന റോബോട്ടിനേയും കൂടെക്കൂട്ടിയിരുന്നു. എന്നാൽ, റോബോട്ടിനെ ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.

അതേസമയം, ബാഗ്ദാദിയുടെ രഹസ്യകേന്ദ്രത്തെ കുറിച്ച് യുഎസിന് വിശ്വാസയോഗ്യമായ വിവരം നൽകിയത് ഇറാഖാണ്. ബാഗ്ദാദിയുടെ സഹോദരൻമാരുടെ ഭാര്യമാർ സിറിയയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള വിവരം അവർക്കൊപ്പം സഞ്ചരിച്ച മറ്റൊരാളിൽനിന്നാണ് ഇറാഖി സൈന്യത്തിനു ലഭിച്ചത്. ഇന്റലിജൻസിന്റെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ കിട്ടി. അവർ ഈ വിവരം യുഎസിനു കൈമാറി.

Exit mobile version