ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ആദ്യമാണെന്ന് ട്രംപ്; പ്രസിഡന്റിന്റെ മണ്ടത്തരം ബഹിരാകാശത്ത് നിന്നും തിരുത്തി ജെസീക്ക മെയര്‍

ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ വിളിച്ചാണ് ട്രംപ് അഭിനന്ദിച്ചത്

ന്യൂയോര്‍ക്ക്: കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയായത്. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റീന കോച്ച് എന്നിവര്‍ ഏഴ് മണിക്കൂര്‍ സമയമാണ് ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ചത്. ഇവരുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത് എത്തിയിരുന്നു. ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ വിളിച്ചാണ് ട്രംപ് അഭിനന്ദിച്ചത്. ‘ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്’ എന്നാണ് ട്രംപ് ഇരുവരെയും അഭിനന്ദിച്ച് കൊണ്ട് പറഞ്ഞത്.

എന്നാല്‍ വനിതകള്‍ ഇതിനു മുമ്പും ബഹിരാകാശ നിലയത്തിന് പുറത്ത് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ ഒരു പുരുഷ സഹയാത്രികനും കൂടെ ഉണ്ടായിരുന്നു. ഇതൊന്നും അറിയാതെയാണ് ട്രംപ് അത്തരത്തില്‍ ഒരു മണ്ടത്തരം പറഞ്ഞത്. എന്നാല്‍ പ്രസിഡന്റിന്റെ ആ തെറ്റ് തിരുത്തി കൊടുത്തത് ബഹിരാകാശ യാത്രികരില്‍ ഒരാളായ ജെസീക്ക മെയറാണ്.

‘ഞങ്ങള്‍ കുറേ ക്രെഡിറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇതിനു മുമ്പും നിരവധി വനിതാ ഗവേഷകര്‍ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരേ സമയം രണ്ട് സ്ത്രീകള്‍ പുറത്ത് ഇറങ്ങുന്നത് ഇത് ആദ്യമായാണ്’ എന്ന് ജെസീക്ക മെയര്‍ പറഞ്ഞ് കൊടുക്കയും ചെയ്തു. ട്രംപിന് ഇവര്‍ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമായി അറിയില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

വനിതാ ദിനത്തില്‍ നാസ പദ്ധതിയിട്ടതായിരുന്നു ബഹിരാകാശത്തെ വനിതകളുടെ ഈ നടത്തം. എന്നാല്‍ പാകമായ വസ്ത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അന്ന് നടക്കാനിരുന്നത് ക്രിസ്റ്റീന കോച്ചും ആന്‍ മക്ലൈനുമായിരുന്നു. ജൂണില്‍ മക്ലൈന്‍ ഭൂമിയിലേക്ക് മടങ്ങിയതോടെയാണ് ജസീക്ക മെയര്‍ക്ക് നറുക്ക് വീണത്. ബാറ്ററികള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ പവര്‍ കണ്‍ട്രോളറുകളില്‍ ഒരെണ്ണം തകരാറിലായതോടെ ഇരുവരുടേയും ബഹിരാകാശ നടത്തം നേരത്തേ നടത്തുകയായിരുന്നു. ജസീക്കയുടെയും ക്രിസ്റ്റീന കോച്ചിന്റെയും ഈ ചരിത്ര നേട്ടം നാസ തല്‍സമയം ലോകത്തെ കാണിക്കുകയും ചെയ്തിരുന്നു.

Exit mobile version