മോഡിയെ പരിഹസിച്ച് സംസാരിച്ചു; ഹാസ്യതാരം ഹസന്‍ മിന്‍ഹാജിന് ‘ഹൗഡി മോഡി’ പരിപാടിയില്‍ വിലക്ക്

വാഷിങ്ടണ്‍: ‘ഹൗഡി മോഡി’ പരിപാടിയില്‍നിന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജിനെ വിലക്കിയതായി ആരോപണം. മിന്‍ഹാജ് അവതരിപ്പിക്കുന്ന നെറ്റ്ഫ്ളിക്സിലെ പ്രശസ്ത ഷോ’പാട്രിയറ്റ് ആക്ടി’ല്‍ മോഡിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമെന്നാണ് സൂചന.

അമേരിക്കയിലെ ടെലിവിഷന്‍ പരിപാടിയിലാണ് മിന്‍ഹാജ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു വീഡിയോ മിന്‍ഹാജ് ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഹൗഡി മോഡി’ പരിപാടിയില്‍ പങ്കെടുക്കാന്‍ മിന്‍ഹാജിനും ക്ഷണമുണ്ടായിരുന്നു. അമേരിക്കയില്‍ വിജയം കൈവരിച്ചവരെ അനുമോദിക്കുന്നതുമായി ബന്ധപ്പെട്ടാണ് മിന്‍ഹാജിനെ ക്ഷണിച്ചത്.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വിവരങ്ങള്‍ നല്‍കിയപ്പോള്‍ പരിപാടി നടക്കുന്ന ഫുട്ബാള്‍ സ്റ്റേഡിയം നിറഞ്ഞുവെന്നും താങ്കള്‍ക്ക് സ്ഥലം ഇല്ല എന്നുമുള്ള മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് മിന്‍ഹാജ് പറയുന്നു. പിന്നീടാണ് മോഡിയെ പരിഹസിച്ചതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന് മിന്‍ഹാജിന് വ്യക്തമായത്.

മോഡിയുടെ അനിഷ്ടം അധികൃതര്‍ അറിയിച്ചു. മോഡി വിമര്‍ശനത്തെ തുടര്‍ന്ന് മിന്‍ഹാജിന്റെ ഷോയും നെറ്റ്ഫ്ളിക്സും ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയിന്‍ നടത്തിയിരുന്നു.

Exit mobile version