എമി ജാക്‌സണിന് കുഞ്ഞ് പിറന്നു; ഹൃദയം കവരുന്ന ചിത്രം പങ്കുവച്ച് താരം

നടി എമി ജാക്‌സണ്‍ അമ്മയായി. സോഷ്യല്‍ മീഡിയയിലൂടെ എമി ജാക്‌സണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകനും പ്രതിശ്രുതവരനും ഒപ്പമുള്ള ചിത്രം ‘ഞങ്ങളുടെ മാലാഖ, ഈ ലോകത്തിലേക്ക് സ്വാഗതം ആന്‍ഡ്രിയാസ്’ എന്ന കുറിപ്പോടെയാണ് എമി ജാക്‌സണ്‍ പങ്കുവെച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം പുറത്തുവിട്ടത്. മെയ് മാസത്തില്‍ തങ്ങളുടെ വിവാഹം നിശ്ചയിച്ചെന്നും 2020 ആദ്യം വിവാഹിതരാകുമെന്നും എമി അറിയിച്ചിരുന്നു.

അന്ന് മുതല്‍ പല ഫോട്ടോകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ആശുപത്രി കിടക്കയില്‍ കിടക്കുന്ന എമിയും എമിയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞും എമിയെ ചുംബിക്കുന്ന പ്രതിശ്രുതവരന്‍ ജോര്‍ജ് പനയോട്ടിനുമാണ് ചിത്രത്തിലുള്ളത്.

നിറവയറുമായി നില്‍ക്കുന്ന ഫോട്ടോയും, ശരീരത്തിന്റെ മാറ്റങ്ങളുമെല്ലാം അമ്മയായ അന്നുമുതല്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുമായിരുന്നു. പതിനാറാം വയസ്സില്‍ മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങിയ ഏമി ജാക്‌സണ്‍ 2009-ലെ മിസ് ടീന്‍ വേള്‍ഡ് സൗന്ദര്യമത്സരത്തില്‍ വിജയിയായിരുന്നു.

2010-ല്‍ പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ചു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തങ്കമകന്‍, ഐ, തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങള്‍.

Exit mobile version