ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

ശവസംസ്‌കാരം വെള്ളിയാഴ്ച സൗദിയില്‍ വെച്ച് നടക്കും

ടുണിസ്: ഇരുപത്തിമൂന്നുകൊല്ലം ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു. സൗദി അറേബ്യയില്‍ വെച്ചായിരുന്നു അന്ത്യം. ടുണീഷ്യന്‍ വിദേശകാര്യമന്ത്രിയാണ് ബെന്‍ അലിയുടെ മരണം സ്ഥിരീകരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച സൗദിയില്‍ വെച്ച് നടക്കും.

2011 ജൂണില്‍ പൊതുപണം ദുരുപയോഗം ചെയ്തതിന് ടുണീഷ്യന്‍ കോടതി അലിയെ 35 കൊല്ലം തടവിനുശിക്ഷിച്ചിരുന്നു. ബഹുജനപ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അലി പിന്നീട് സൗദി അറേബ്യയിലേക്കു കടക്കുകയായിരുന്നു.

ജനാധിപത്യപ്രക്ഷോഭകരെ വധിച്ചതിന് 2012-ല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികള്‍ വിധിച്ചു. സൗദി അറേബ്യയിലായിരുന്നു പിന്നീട് അദ്ദേഹം കഴിഞ്ഞത്.

അലിയുടെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടര്‍ന്ന മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പ് ടുണീഷ്യയില്‍ നടന്ന് ദിവസങ്ങള്‍ക്കകമാണ് അലി മരണപ്പെട്ടത്.

Exit mobile version