മോഡിയെ വരവേൽക്കാൻ യുഎസിൽ ‘ഹൗഡി മോഡി’; ട്രംപും പങ്കെടുക്കും; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോഡി'

വാഷിങ്ടൺ: യുഎസ് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേൽക്കാൻ ടെക്സാസിലെ ഹൂസ്റ്റണിൽ ഒരുങ്ങുന്ന ‘ഹൗഡി മോഡി’ പരിപാടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോഡി പരിപാടി സെപ്റ്റംബർ 22നാണ്. ട്രംപ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും. ട്രംപിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതുപോലെ ഉണ്ടായാൽ, ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ‘ഹൗഡി മോഡി’ക്ക് സ്വന്തമാകും.

ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 50,000 ഇന്ത്യൻ അമേരിക്കക്കാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 8000 പേർ രജിസ്ട്രേഷനായി കാത്തിരിക്കുന്നുണ്ട്. ജി-20, ജി-7 ഉച്ചകോടികൾക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകൾക്കിടെ മോഡിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ‘ഹൗഡി മോഡി’.

Exit mobile version