‘ഇനി നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ’; മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയതായി പ്രമുഖ പത്രം

ഇന്റര്‍നെറ്റിന്റെ വരവോടെ വാര്‍ത്തകളെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസുകളുടെയും സോഷ്യല്‍ മീഡിയയുടെയും വരവോടെ ഒട്ടേറെ ദിനപത്രങ്ങളാണ് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നത്. ഇതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് പത്രം.

‘ഇനി നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ’ എന്ന് നല്‍കിയ തലക്കെട്ട് പത്രം ഇന്ന് നേരിടുന്ന പ്രതിസന്ധി വായനക്കാരോട് ദേഷ്യത്തോടെ സംവദിക്കുന്നതായിരുന്നു. മെട്രോകളില്‍ സൗജന്യമായി നല്‍കുന്ന പത്രം നോക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നില്ലെന്നും എല്ലാവരും മൊബൈലിനകത്താണെന്നും പറഞ്ഞാണ് വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് അതിന്റെ അവസാന ലക്കം അച്ചടിച്ചിറക്കിയത്.

16 വര്‍ഷമായി നിലനിന്നിരുന്ന പത്രമാണ് ഇത്. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രമായിരുന്നു.
യാത്രക്കിടയില്‍ പെട്ടെന്ന് വായിക്കാന്‍ പറ്റുന്നതും മറ്റു മാധ്യമങ്ങളില്‍ വരാത്തതുമായി വാര്‍ത്തകളായിരുന്നു എക്സ്പ്രസിന്റെ ഉള്ളടക്കം.

സൗജന്യമായിട്ടുപോലും ആവശ്യക്കാരില്ലാത്തത് നടത്തിപ്പുക്കാരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ട്രെയിനുകളില്‍ നല്‍കുന്ന ഹൈസ്പീഡ് വൈ ഫൈ സംവിധാനവും പത്രത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തുന്നു.

Exit mobile version