ബഹിരാകാശത്ത് ഇരുന്ന് ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു; പരാതി നല്‍കി ഭര്‍ത്താവ്, ആദ്യ ബഹിരാകാശ കുറ്റകൃത്യ അന്വേഷണത്തിന് ഒരുങ്ങി നാസ

ന്യൂയോര്‍ക്ക്: അനുദിനം നമ്മള്‍ മാധ്യമങ്ങളില്‍ പലതരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു കുറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബഹിരാകാശത്ത് ഇരുന്ന് കൊണ്ട് ബഹിരാകാശ യാത്രികയായ ആന്‍ മക്ലെയ്ന്‍ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതാണ് കേസ്. ചരിത്രത്തില്‍ ആദ്യമായാണ് ബഹിരാകാശത്ത് നിന്നൊരു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാസ ഇപ്പോള്‍.

ബഹിരാകാശ യാത്രികയായ ആന്‍ ബഹിരാകാശ നിലയത്തിലിരുന്ന് അകന്നു കഴിയുന്ന ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചുവെന്നാണ് നാസയ്ക്ക് ലഭിച്ചിരിക്കുന്ന പരാതി. ഇവരുടെ ഭര്‍ത്താവ് സമ്മര്‍ വോര്‍ഡന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ താന്‍ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയാണ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതെന്ന് ആന്‍ സമ്മതിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ആന്‍ അധികൃതരോട് വ്യക്തമാക്കിയത്. ആറു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആന്‍ മക്ലെയ്ന്‍ ഭൂമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

തന്റെ അനുമതി ഇല്ലാതെ ഭാര്യ ബാങ്ക് അക്കൗണ്ട് പരിശോധിച്ചത് അറിഞ്ഞ സമ്മര്‍ വോര്‍ഡന്‍ ഈ വര്‍ഷം ആദ്യം തന്നെ ഫെഡറല്‍ ട്രേഡ് കമ്മീഷന് (എഫ്ടിസി) മുമ്പാകെ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫിസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇരുവരുടെയും സംയോജിത ധനകാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി അക്കൗണ്ട് പരിശോധിച്ച ബഹിരാകാശയാത്രിക ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ആനിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. നാസയുടെ അന്വേഷകര്‍ കേസുമായി ബന്ധപ്പെട്ട് ദമ്പതിമാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകളും നടത്തിയിരുന്നു.

അതേസമയം ഐഡന്റിറ്റി മോഷണ റിപ്പോര്‍ട്ടിനോട് എഫ്ടിസി പ്രതികരിച്ചിട്ടില്ലെങ്കിലും നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫിസിലെ ക്രിമിനല്‍ കേസുകളില്‍ വിദഗ്ധനായ ഒരു അന്വേഷകന്‍ ഈ ആരോപണം അന്വേഷിച്ചുവരികയാണെന്നുമാണ് സമ്മര്‍ വോര്‍ഡന്‍ വ്യക്തമാക്കിയത്. 2014ല്‍ വിവാഹിതരായ ഇരുവരും 2018 ല്‍ വിവാഹമോചനത്തിനുള്ള അപേക്ഷയും നല്‍കിയിരുന്നു.

Exit mobile version