സംഝോത എക്‌സ്പ്രസ് സർവീസ് ഇനി ഒരിക്കലുമുണ്ടാകില്ല; ഇന്ത്യൻ സിനിമകളും; ഇന്ത്യയ്‌ക്കെതിരെ വിലക്കുകളുമായി പാകിസ്താൻ

ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കുമെന്ന് നേരത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു

ഇസ്ലാമാബാദ്: കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താൻ. ഇനി ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സംഝോത എക്സ്പ്രസ് സർവീസ് ഉണ്ടാകില്ലെന്നും എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്നും പാക് റെയിൽവേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു.

ആഴ്ചയിൽ രണ്ടു തവണയായിരുന്നു സംഝോത എക്സ്പ്രസിന്റെ സർവീസ്. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ലാഹോർ ഡിഎസ് ഓഫീസിൽ നിന്നും പണം തിരികെ ലഭിക്കുമെന്നും റാഷിദ് അഹമ്മദ് വ്യക്തമാക്കി. കൂടാതെ, ഇന്ത്യൻ സിനിമകൾക്കും പാകിസ്താനിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മോഡി സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കുമെന്ന് നേരത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറക്കാനും വ്യാപാരം നിർത്തിവെക്കാനുമുള്ള തീരുമാനം എടുത്തത്. ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കാനും പാകിസ്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് രംഗത്തെത്തിയത്.

Exit mobile version