വഫ ഫിറോസിന്റെ പേരിലുള്ള കാര്‍ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നു; മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും പിഴ അടച്ചില്ല; ബഷീറിന്റെ ജീവനെടുത്ത കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏപ്രിലില്‍ രണ്ട് തവണയും, ജൂലൈയില്‍ ഒരു തവണയുമാണ് നിയമലംഘനം നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ കാര്‍, മോഡലും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെ പേരിലാണുള്ളത്. ഈ കാര്‍ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. മൂന്ന് തവണ അമിത വേഗതയില്‍ പോയതിന് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കുകയോ പിഴ അടയ്ക്കുകയോ ചെയ്തിട്ടില്ല.

സമീപകാലത്ത് മൂന്ന് തവണയാണ് അമിത വേഗതയില്‍ പോയതിന് പിടിക്കപ്പെട്ടിട്ടുള്ളത്. ഏപ്രിലില്‍ രണ്ട് തവണയും, ജൂലൈയില്‍ ഒരു തവണയുമാണ് നിയമലംഘനം നടത്തിയിരിക്കുന്നത്. മൂന്ന് തവണയും പിടിച്ചത് അമിത വേഗതയില്‍ തന്നെയാണ്. ഇന്ന് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ജീവന്‍ എടുത്തതും അതേ അമിത വേഗത തന്നെയാണ്. മൂന്ന് തവണ പിടിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കാനിരിക്കുന്ന സമയത്താണ് ഈ അപകടം ഉണ്ടായത്. സംഭവത്തില്‍ വഫ ഫിറോസിന്റെ മൊഴി നല്‍കിയിട്ടുണ്ട്. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫ നല്‍കുന്ന മൊഴി.

അതേസമയം വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് പ്രതിചേര്‍ത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം അപകടമുണ്ടായത്. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മരണപ്പെടുകയായിരുന്നു.

Exit mobile version