ആറ്റൂര്‍ രവിവര്‍മ്മയുടെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് നികത്താനാവാത്ത നഷ്ടം; അനുശോചിച്ച് മന്ത്രി എകെ ബാലന്‍

അദ്ദേഹത്തിന്റെ കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു

തൃശ്ശൂര്‍; ആറ്റൂര്‍ രവിവര്‍മ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. മലയാള കവിതയ്ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച സവിശേഷ വ്യക്തിത്വമുള്ള കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്;

‘മലയാള കവിതയ്ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച സവിശേഷ വ്യക്തിത്വമുള്ള കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

മലയാള കവിതയില്‍ പ്രത്യേകമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. കവിതയുടെ അലങ്കാരഭാരങ്ങളില്ലാതെ ഹൃദയത്തിന്റെ, സത്യമായ ഭാഷയാണ് അദ്ദേഹം കവിതയില്‍ ഉപയോഗിച്ചത്. കാലത്തിനനുസരിച്ച് മാറേണ്ടതാണ് കവിതയും എന്ന് അദ്ദേഹം വിശ്വസിച്ചു.

മികച്ച ഒരു അദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ദേഹം അധ്യാപകനായിരിക്കെ ശിഷ്യനായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന എന്നെപ്പോലുള്ള വിദ്യാര്‍ഥികളോടും സവിശേഷമായ സ്‌നേഹവാത്സല്യങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു.

ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, ബ്രണ്ണന്‍ കോളേജിലെ അനുഭവം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു, ‘ ബ്രണ്ണനിലെ കാലഘട്ടം വളരെ രസകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എകെ ബാലനുമെല്ലാം അവിടെ എന്റെ വിദ്യാര്‍ഥികളായിരുന്നു. വിജയന്‍ പൊതുവെ സൈലന്റ് ആയിരുന്നു. പഠനത്തെ വളരെ ഗൗരവമായി എടുക്കുന്ന, അധികം സംസാരിക്കാത്ത വിദ്യാര്‍ഥിയായിരുന്നു. ബാലനാവട്ടെ കോളേജില്‍ പഠനേതര രംഗത്ത് സജീവമായിരുന്നു. എംഎന്‍ വിജയനും അന്നവിടെ അധ്യാപകനായിരുന്നു. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. കുറച്ചു മാത്രം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു അന്ന് എം എന്‍ വിജയന്‍’.

ഈ വര്‍ഷം മാര്‍ച്ചില്‍ മന്ത്രി വിഎസ് സുനില്‍കുമാറിനൊപ്പം ആറ്റൂരിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച് കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് സമ്മാനിക്കാന്‍ അവസരം ലഭിച്ചു. കവിതാ രചനയില്‍ നിന്ന് ഒട്ടൊക്കെ വിരമിച്ചെങ്കിലും സാഹിത്യ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ കമ്പരാമായണത്തിന്റെ മലയാള പരിഭാഷയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

ആര്‍ക്കും കീഴടങ്ങാതെ കവിതയുടെ വഴിയില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.’

Exit mobile version