സംഘപരിവാര്‍ പ്രതിഷേധം: എംഎ എന്‍ജിനീയറിങ്ങ് കോളേജ് മാഗസിന്‍ പിന്‍വലിച്ചു

കൊച്ചി: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോതമംഗലം എംഎ എന്‍ജിനീയറിങ്ങ് കോളേജ് മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചു. എംഎ എഞ്ചിനീയറിങ് കോളജിലെ ‘ആനകേറാമല ആട് കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മാഗസിനില്‍ പ്രസിദ്ധീകരിച്ച ശബരിമല വിധി തുറന്നിടുന്നത് എന്ന ലേഖനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ചിത്രമുള്‍പ്പെടുത്തിയ ശബരിമല വിധി തുറന്നിടുന്നത് എന്ന ലേഖനം ഹിന്ദുസംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

മീശ എന്ന നോവലിനെയും ആര്‍പ്പോ ആര്‍ത്തവം എന്ന ക്യാമ്പയിനെക്കുറിച്ചും മാഗസിനിലുള്ള ലേഖനങ്ങള്‍ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മാഗസിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് മാഗസിന്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് കോളജ് പ്രിന്‍സിപ്പള്‍ വാര്‍ത്തക്കുറിപ്പിറക്കിയത്. കോളേജിന്റെ ആശയത്തിനും കാഴ്ചപ്പാടിനും നിരക്കാത്ത ചില പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ മാഗസിന്‍ പിന്‍വലിക്കുകയാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

അതേസമയം മാഗസിന്‍ പിന്‍വലിക്കില്ലെന്നാണ് മാഗസിന്‍ കമ്മറ്റിയുടെ നിലപാട്. സുപ്രീംകോടതി വിധി ന്യായത്തിന്റെ പശ്ചാത്തലത്തില്‍ ഭരണഘടന മൂല്യത്തെക്കുറിച്ച ചര്‍ച്ചകള്‍ മാത്രമാണ് ലേഖനത്തിനുള്ളതെന്നും മാഗസിന്‍ കമ്മറ്റി അറിയിച്ചു.

Exit mobile version