കെഎസ്‌യു പറ്റിച്ച ചായ കടക്കാരന് യൂണിവേഴ്സിറ്റി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുക പിരിച്ചു നല്‍കി; വീഡിയോ

എന്നാല്‍ ഇപ്പോള്‍ കാന്റീന്‍ ജീവനക്കാരന്റെ അവസ്ഥ കണ്ട് അദ്ദേഹത്തിന് പണം പിരിച്ചു നല്‍കുകയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ പേര് പറഞ്ഞ് സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ കെഎസ്‌യു നടത്തിയ മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും നാം കണ്ടതാണ്. എന്നാല്‍ അതിനു പിന്നിലെ കള്ളത്തരം കൂടി ഇപ്പോള്‍ വെളിപ്പെടുകയാണ്. മറ്റൊന്നുമല്ല, സമരത്തിന് പങ്കെടുക്കാന്‍ എത്തിയവര്‍ മുഴുവനും സമീപത്തെ കാന്റീനില്‍ നിന്നും ചായയും ബോണ്ടയും മറ്റു പലഹാരങ്ങളും വാങ്ങി കഴിച്ച ശേഷം പണം കൊടുക്കാതെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

സ്വന്തം അന്നത്തിനായി രാപകല്‍ കഷ്ടപ്പെടുന്ന കാന്റീന്‍ ഉടമയോട് ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്തത് അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒന്നാണെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എല്ലാവരും വെള്ള വസ്ത്രത്തില്‍ ആയതിനാല്‍ ആരെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് ഈ കാന്റീന്‍ ജീവനക്കാരനും പറയുന്നു. ഇതാണ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുങ്ങാനുള്ള അവസരം ലഭിച്ചതും. എന്നാല്‍ ഇപ്പോള്‍ കാന്റീന്‍ ജീവനക്കാരന്റെ അവസ്ഥ കണ്ട് അദ്ദേഹത്തിന് പണം പിരിച്ചു നല്‍കുകയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.

കുറച്ചു പേര്‍ ഒത്തു കൂടി പണം പിരിച്ച് നല്‍കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുവെന്നാണ് സംഘം പറയുന്നത്. കെഎസ്‌യുക്കാര്‍ വരുത്തിവെച്ച തുക പഴയ എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും ചേര്‍ന്ന് നല്‍കുന്നുവെന്ന് പണം നല്‍കി കൊണ്ട് അവര്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിന്റെ പേര് പറഞ്ഞ് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസിന് ഇത് ഒരു മറുപടിയാണെന്നും ഇവര്‍ തുറന്നടിച്ചു. ഇനിയും പ്രതിഷേധം നടത്തുമ്പോള്‍ പാവപ്പെട്ട തട്ടുകടക്കാരെയും ഒന്നും പറ്റിക്കരുതെന്നും ഇവര്‍ പരിഹസിച്ചു.

Exit mobile version