കോളേജിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണ്; യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പഠന നിലവാരത്തില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോളേജില്‍ നിര്‍ഭാഗ്യകരമായ പ്രശ്‌നങ്ങള്‍ നടന്നു. അക്രമങ്ങള്‍ അരങ്ങേറി, എന്നാല്‍ ഇതിന്റെ ഭാഗമായ ആരെയും സരംക്ഷിക്കാന്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. യൂണിവേഴ്‌സിറ്റി പോലെ സംസ്ഥാനത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കോളേജില്‍ തെറ്റായ പ്രവണതയും അനുവദിക്കില്ലെന്നും, അതിനായി ശ്രമിച്ചവര്‍ക്കെതിരെയാണ് കര്‍ശന നടപടി എടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തെറ്റായ പ്രവണത ഒരിക്കല്‍ ഉണ്ടായാല്‍ ആ സ്ഥാപനം ഇല്ലാതാക്കാന്‍ പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കോളേജില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്. ഇതിലൂടെ ഒരു വിദ്യാഭ്യാസസ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനായി ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version