ഇപ്പോഴും എന്റെ മകന് അറിയില്ല, അവന്‍ കടന്നുപോയത് നിപ്പാ കാലത്തിലൂടെയാണെന്ന്; യുവാവിന്റെ അമ്മ പറയുന്നു

ചികിത്സ തുടരുന്നതിനിടെ കാണാന്‍ ചെന്നിരുന്നു. കണ്ടെങ്കിലും അടുത്തനിമിഷം അവന്‍ അതെല്ലാം മറന്നു. ഇപ്പോള്‍ കാണാന്‍ വരുന്നവര്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന് പറയുമ്പോള്‍ യുവാവിന് അതിശയമാണ്.

കൊച്ചി: ‘ഇന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് പോവുകയാണ്, ഇപ്പോഴും എന്റെ മകന് അറിയില്ല അവന്‍ കടന്നു പോയത് നിപ്പാ കാലത്തിലൂടെയായിരുന്നുവെന്ന്, വീട്ടിലെത്തിയിട്ടുവേണം പതുക്കെ എല്ലാം പറഞ്ഞ് മനസിലാക്കാന്‍’ കൊച്ചിയില്‍ നിപ്പാ ബാധിച്ച യുവാവിന്റെ അമ്മയുടെ വാക്കുകളാണിത്. സാധാരണ പനി ആണെന്നു കരുതിയാണ് വീടിനടുത്തുള്ള ക്ലിനിക്കില്‍ കാണിച്ചത്. എന്നാല്‍ ഇത്രയും വലിയൊരു രോഗമാകുമെന്ന് കരുതിയിരുന്നില്ലെന്നും അമ്മ പറയുന്നു.

മേയ് 30-നാണ് രോഗം ഗുരുതരമായ യുവാവിനെ ആസ്റ്ററില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ നിപ്പായാണെന്ന് സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മകനെ തിരിച്ചു കിട്ടണമേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥനയെന്ന് ഈ അമ്മ പറയുന്നു. മറ്റൊരു ആശുപത്രിയിലെ ജീവനക്കാരിയായതിനാല്‍ നിപ്പാ എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ തന്ന പിന്തുണ വളരെ വലുതായിരുന്നു. അവരെ എത്ര ഓര്‍ത്താലും മതിയാവില്ലെന്നും യുവാവിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.

ചികിത്സ തുടരുന്നതിനിടെ കാണാന്‍ ചെന്നിരുന്നു. കണ്ടെങ്കിലും അടുത്തനിമിഷം അവന്‍ അതെല്ലാം മറന്നു. ഇപ്പോള്‍ കാണാന്‍ വരുന്നവര്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന് പറയുമ്പോള്‍ യുവാവിന് അതിശയമാണ്. പനി നിയന്ത്രിക്കാനാവാത്തവിധം കൂടി എന്നുമാത്രമാണ് അവന്‍ ഇപ്പോഴും ധരിച്ച് വച്ചിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ‘ആരോഗ്യം 90 ശതമാനവും തിരിച്ചുകിട്ടി. പക്ഷേ ഒന്ന് നഷ്ടമായി, അവന്റെ നിറഞ്ഞ പുഞ്ചിരിയും ചുറുചുറുക്കും. അത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനാണ് ഞങ്ങള്‍’ അമ്മ പറയുന്നു.

Exit mobile version