ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേടാണ്, ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ, ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ; വൈറലായി മലയാളി ലോക്കോപൈലറ്റിന്റെ കുറിപ്പ്

തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായ വീഡിയോ ആയിരുന്നു ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന ലോക്കോ പൈലറ്റിന്റെ ദൃശ്യങ്ങള്‍. ഉല്‍ഹാസ് നഗര്‍ – വിതല്‍വാടി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് സംഭവം നടന്നത്. ഇപ്പോഴിതാ ട്രെയിനില്‍ ലോക്കോ പൈലറ്റുമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മലയാളി ലോക്കോ പൈലറ്റ് പ്രദീപ് ചന്ദ്രന്‍.

ട്രെയിനിലെ മോട്ടോര്‍മാന്‍ ക്യാബിനുകളില്‍ ടോയ്ലറ്റ് സൗകര്യം പോയിട്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലുമില്ലെന്നാണ് ലോക്കോപൈലറ്റായ പ്രദീപ് ചന്ദ്രന്‍ വിശദമാക്കുന്നത്. ട്രെയിനില്‍ ജോലി ചെയ്യുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ആഹാരം കഴിക്കാനും, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ലെന്നും എന്നാല്‍ ലോക്കോപൈലറ്റുമാരുടെ സ്ഥിതി അങ്ങനെയല്ലെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ഭക്ഷണം കഴിക്കുന്നതെന്നും വഴിയില്‍ വെച്ച് മലമൂത്ര ശങ്ക തോന്നുമെന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കാറുള്ളൂവെന്നും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. എഞ്ചിനില്‍ ടോയ്‌ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാമെന്നും സ്റ്റേഷനുകളില്‍ എങ്കിലും ഇതിനുള്ള സൗകര്യം ഒരുക്കിയാല്‍ നന്നാവുമെന്നും തങ്ങളും മനുഷ്യരാണെന്ന കാര്യം വിസ്മരിക്കരുതെന്നും പറഞ്ഞാണ് പ്രദീപ് കുറിപ്പ് അലസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇപ്പോഴത്തെ വൈറല്‍ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിക്കുന്നത് … ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് . കേരളത്തിന് വെളിയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ് കുറവാണ് .ചെന്നൈ – വിജയവാഡ 430 KM ആണ്… പല ട്രെയിനുകള്‍ക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല .അത്രയും ദൂരം ട്രെയിനില്‍ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ആഹാരം കഴിക്കാനും , പ്രാഥമിക ആവിശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല .ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത് തന്നെ.വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ .അത് പോലെ വെള്ളവും.വെള്ളം സമയത്ത് കുടിക്കാത്തത് കൊണ്ട് മിക്ക ലോക്കോ പൈലറ്റുമാര്‍ക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട് .ഇനി മെമുവിന്റെ കാര്യം എടുത്താല്‍ , അതില്‍ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു .ട്രെയിന്‍ ഓടുമ്പോള്‍ ലോക്കോ പൈലറ്റ് എപ്പോഴും DMH എന്നൊരു ഹാന്‍ഡില്‍ അമര്‍ത്തി പിടിച്ച് ആണ് ട്രെയിന്‍ ഓടിക്കേണ്ടത് .ഹാന്‍ഡിലില്‍ നിന്നും കൈ എടുത്താല്‍ ട്രെയിന്‍ അവിടെ നില്‍ക്കും .വാട്ടര്‍ബോട്ടിലില്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വെള്ളം കുടിക്കാന്‍ കഴിയാറില്ല .ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും .ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം .സിംഗിള്‍ മാന്‍ വര്‍ക്കിംഗ് ആയത് കൊണ്ട് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല .തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാര്‍ട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച് തിരുവനന്തപുരത്ത് വരാന്‍ വൈകിട്ട് 7.25 ആകും .അത്രയും സമയം വെള്ളം കുടിക്കാതെ , ആഹാരം കഴിക്കാതെ , മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു .ലോക്കോയില്‍ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വര്‍ഷങ്ങളായ ആവിശ്യമാണ് . പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ .ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ .ഞങ്ങളും മനുഷ്യരാണ് .( എഞ്ചിനില്‍ ടോയ്‌ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം , ഞങ്ങള്‍ക്ക് സ്റ്റേഷനുകളില്‍ പ്രാഥമിക ആവിശ്യം നിര്‍വ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാല്‍ ഞങ്ങള്‍ ഹാപ്പിയാണ് )
സി . പ്രദീപ്
ലോക്കോ പൈലറ്റ്

Exit mobile version