പട്ടിക ജാതി വിഭാഗത്തിലെ ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നതിലുള്ള എതിര്‍പ്പാണ് ആക്രമണങ്ങള്‍ക്ക് കാരണം; രമ്യയെ വിമര്‍ശിച്ച മുല്ലപ്പള്ളിക്ക് പരോക്ഷമായ മറുപടി നല്‍കി അനില്‍ അക്കരെ

രമ്യ ഹരിദാസിന് ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്തിനാലാണ് തങ്ങള്‍ സംഘടനക്കുള്ളില്‍ പിരിവ് നടത്തിയതെന്ന് അനില്‍ അക്കര പറയുന്നു.

തിരുവനന്തപുരം: ‘പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ഒരു പെണ്‍കുട്ടി കോണ്‍ഗ്രസില്‍ വളര്‍ന്ന് വരുന്നതിലുള്ള എതിര്‍പ്പാണ് രമ്യക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം’. കാര്‍ വിവാദത്തില്‍ ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് എംഎല്‍എ അനില്‍ അക്കരെയുടെ മറുപടി ഇപ്രകാരമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രമ്യയെ വിമര്‍ശിച്ച് രംഗത്ത് വന്നതിനു പിന്നാലെയായിരുന്നു അനില്‍ അക്കരെയുടെ മറുപടി.

എംപിക്ക് കാര്‍ വാങ്ങുവാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണപ്പിരിവ് നടത്തേണ്ടതില്ലെന്നും, ആവശ്യമെങ്കില്‍ വാഹന വായ്പ എടുത്താല്‍ മതിയെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എംപിമാര്‍ക്ക് പലിശ രഹിത വായ്പ ലഭിക്കുമെന്നും അത് എടുത്ത് വാഹനം വാങ്ങിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് നടത്തിയതിന്റെയും, ലോണ്‍ ലഭിക്കാത്തതിന്റെ കാരണവും വെളിപ്പെടുത്തി രംഗത്ത് വന്നത്.

രമ്യ ഹരിദാസിന് ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്തിനാലാണ് തങ്ങള്‍ സംഘടനക്കുള്ളില്‍ പിരിവ് നടത്തിയതെന്ന് അനില്‍ അക്കര പറയുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് രമ്യ ഹരിദാസിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7 ലക്ഷത്തിന്റെ റവന്യു റിക്കവറി നിലനിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ പണം സ്വരൂപിച്ച് ബാങ്ക് ലോണ്‍ തിരിച്ചടച്ചത്. റവന്യു റിക്കവറി നിലനിന്ന വ്യക്തിക്ക് ബാങ്ക് ലോണ്‍ ലഭിക്കാന്‍ പ്രയാസമാണെന്നാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം.

പണപ്പിരിവ് നടത്തുന്നതിന്റെ സംഭാവന രസീത് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉള്‍പ്പടെ രണ്ട് ലക്ഷത്തിന് മേലെ ലഭിക്കുന്ന വ്യക്തിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇതിനു പിന്നാലെയാണ് ജാതിയുടെ പേരിലുള്ള വിവേചനമെന്ന ആരോപണവുമായി എംഎല്‍എ അനില്‍ അക്കരെ രംഗത്ത് വന്നത്.

Exit mobile version