എന്തിനാണ് സംസ്‌കൃതം പഠിക്കുന്നത്..? ആളുകളുടെ ചോദ്യത്തിന് ഐഫുന മറുപടി നല്‍കിയത് ഒന്നാം റാങ്ക് നേടി! കൈയ്യടി

കേരള സര്‍വകലാശാല ബിഎ സംസ്‌കൃതത്തിലാണ് തിരുവനന്തപുരം പാലോട് കരിമാന്‍കോട് ജന്നത്ത് മന്‍സിലില്‍ ഐഫുന നുജൂം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

തിരുവനന്തപുരം: എന്തിനാണ് സംസ്‌കൃതം പഠിക്കുന്നത്…? സംസ്‌കൃതം ഐച്ഛിക വിഷമായി എടുത്ത ഐഫുനയോട് ആളുകള്‍ക്ക് ചോദിക്കാന്‍ ഈ ഒരു ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അന്നൊക്കെ മൗനം പാലിച്ച ഐഫുന നുജൂം ഇപ്പോള്‍ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ്. ഒന്നാം റാങ്ക് നേടിയാണ് ഐഫുന മറുപടി നല്‍കുന്നത്.

കേരള സര്‍വകലാശാല ബിഎ സംസ്‌കൃതത്തിലാണ് തിരുവനന്തപുരം പാലോട് കരിമാന്‍കോട് ജന്നത്ത് മന്‍സിലില്‍ ഐഫുന നുജൂം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച് നേടിയ ഈ റാങ്ക് തനിക്ക് അഭിമാനവും സന്തോഷവും നല്‍കുന്നുണ്ടെന്ന് ഐഫുന കൂട്ടിച്ചേര്‍ത്തു. മകളുടെ ആഗ്രഹത്തിന് പിതാവ് എന്‍ നുജൂമുദ്ദീനും മാതാവ് നബീസത്ത് ബീവിയും ഒപ്പമുണ്ടായിരുന്നു.

അഞ്ചാം ക്ലാസ് മുതലാണ് ഐമുനയുടെ ശ്രദ്ധ സംസ്‌കൃതത്തിലേയ്ക്ക് തിരിഞ്ഞത്. അതുവരെ അറബിയും മലയാളവുമായിരുന്നു പഠിച്ചിരുന്നത്. എന്നാല്‍ അഞ്ചാം ക്ലാസില്‍ സംസ്‌കൃതം പഠിപ്പിക്കാനെത്തിയ ബാബു എന്ന അധ്യാപകന്‍ ചെലുത്തിയ സ്വാധീനം ഐഫുനയെ സംസ്‌കൃതം ഐച്ഛിക വിഷയമായി എടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പത്താം ക്ലാസ് വരെ സംസ്‌കൃതം പഠിച്ചു. തുടര്‍ന്നും സംസ്‌കൃതം പഠിക്കാനാണ് ഐഫുന ആഗ്രഹിച്ചത്. അങ്ങനെയാണ് ബിരുദത്തിന് സംസ്‌കൃതം ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത്.

Exit mobile version