മുളയ്ക്കാതെ പോയ നെല്‍വിത്തുകള്‍ക്ക് പകരം വിത്തുകള്‍ വിതരണം ചെയ്യും; മന്ത്രി വിഎസ് സുനില്‍ കുമാര്‍

കുട്ടനാട്ടില്‍ മുളയ്ക്കാതെ പോയ നെല്‍വിത്തുകള്‍ക്ക് പകരം വിത്തുകള്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. വിത്തുകള്‍ മുളയ്ക്കാതെ പോയ പാടശേഖരങ്ങള്‍ക്ക് പുതിയവ വൈകാതെ തന്നെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കാലവര്‍ഷം എത്തിയിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായത് കുട്ടനാട്ടിലെ നെല്‍കൃഷി കര്‍ഷകരാണ്. മഴ കുറവായതിനാല്‍ മണ്ണിലുള്ള ഉപ്പിന്റെ അംശം പോയിട്ടില്ല. ഇതിനാല്‍ കൃഷി ഇറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. മാത്രമല്ല കുഴിച്ചിട്ട വിത്തുകള്‍ മുളയ്ക്കാതെയുമായി. ഈ സന്ദര്‍ഭത്തിലാണ് മുളയ്ക്കാതെ പോയ നെല്‍വിത്തുകള്‍ക്ക് പകരം വിത്തുകള്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചത്.

ഇത്തവണയും കുട്ടനാട്ടിലേക്കുള്ള വിത്തുകള്‍ വിത്തുവികസന അതോറിറ്റിയാണ് കൃഷിഭവനുകള്‍ വഴി വിതരണം ചെയ്തത്. എന്നാല്‍ കൈനകരി, ചമ്പക്കുളം, വൈശ്യംഭാഗം തുടങ്ങി പല മേഖലകളിലും വിത്തുമുളച്ചില്ല. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 15 ശതമാനം പാടങ്ങളിലാണ് കൃഷി ആരംഭിക്കാന്‍ കഴിയാത്തത്. എന്നാല്‍ ഇത് വിത്തിന്റെ ഗുണനിലവാരക്കുറവുകൊണ്ടല്ലെന്നും മഴ ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version