ഇടുക്കി അണക്കെട്ടില്‍ ജലം ഘണ്യമായി കുറഞ്ഞു; വൈദ്യുതോല്‍പാദനം പ്രതിന്ധിയില്‍

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലം ഘണ്യമായി കുറഞ്ഞു. മഴയുടെ അളവ് വര്‍ധിച്ചില്ലെങ്കില്‍
വൈദ്യുതോല്‍പാദനം നിര്‍ത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി. 12.7 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടില്‍ അവശേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളം ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നു. പ്രതിദിന വൈദ്യുതോല്പാദനം മൂന്ന് ദശലക്ഷം യൂണിറ്റാക്കി കുറച്ചാണ് അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. ഇപ്പോള്‍ ഡാമില്‍ രണ്ട് മാസം കൂടി വൈദ്യുതി ഉല്പ്പാദിപ്പിക്കാനുള്ള ജലമാണ് ഉള്ളത്. എന്നാല്‍ ഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയുകയും ഇടുക്കിയില്‍ നിന്ന് വൈദ്യുതോല്‍പാദനം കൂട്ടേണ്ടി വരികയും ചെയ്താല്‍ പത്ത് ദിവസത്തിനുള്ളില്‍ അടിത്തട്ട് തെളിയും.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരം ഒരു അവസ്ഥയിലൂടെ ഇടുക്കി അണക്കെട്ട് കടന്ന് പോയത്. വൈകാതെ തന്നെ മഴ എത്തും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാല്‍ മഴ പെയ്യ്തില്ലെങ്കില്‍ വൈദ്യുതോല്‍പാദനം നിര്‍ത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.

Exit mobile version