ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതെ പോയ ശംഖ് തിരികെ ലഭിച്ചു. ഒരു മാസത്തിന് ശേഷം വിജയവാഡയില്‍ നിന്ന് കൊറിയര്‍ സര്‍വീസ് വഴിയാണ് ശംഖ് എത്തിയത്. നഷ്ടപ്പെട്ട ശംഖിനൊപ്പം ക്ഷമിക്കണം എന്നൊരു കുറിപ്പ് കൂടി പാഴ്സലില്‍ ഉണ്ടായിരുന്നു.
നിത്യചടങ്ങുകളില്‍ മാരാര്‍ ഉപയോഗിക്കുന്ന ശംഖുകളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ശംഖ് കാണാതെ പോയത് കാര്യമായി എടുത്തിരുന്നില്ല. ക്ഷേത്രത്തില്‍ ശംഖ് ധാരാളമായി ഉള്ളതിനാല്‍ മറ്റൊരു ശംഖ് ഉപയോഗിച്ച് ചടങ്ങുകള്‍ നടത്തിവരികയായിരുന്നു.
ശീവേലി, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് ചടങ്ങുകളില്‍ ഉപയോഗിക്കുന്ന ശംഖ് ആവശ്യം കഴിഞ്ഞാല്‍ ഗോപുരത്തില്‍ മാനേജരുടെ ഇരിപ്പിടത്തിനരികിലാണു സൂക്ഷിക്കാറുള്ളത്. ഭക്തരടക്കം ആര്‍ക്കും കൈയെത്തും ദൂരത്ത് തന്നെയാണ് ഈ സ്ഥലം. അതുകൊണ്ട് തന്നെ ആര്‍ക്കും എടുക്കാന്‍ എളുപ്പം സാധിക്കും. കുട്ടികളാരോ കൗതുകത്തിനു കൈവശപ്പെടുത്തിയ ശംഖ് രക്ഷിതാക്കള്‍ തിരിച്ചയച്ചതാണെന്നാണ് നിഗമനം.