ഫാന്‍ തകരാറില്‍ ആയപ്പോള്‍ മുറി മാറി; പ്രകാശനും മൂന്നു കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിനും തിരിച്ചുകിട്ടിയത് പുതുജീവിതം

കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ പ്രകാശനും കുടുംബവുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കോഴിക്കോട്: മൂന്ന് കുഞ്ഞു മക്കള്‍ അടങ്ങുന്ന പ്രകാശന്റെ കുടുംബത്തിനെ മരണത്തില്‍ നിന്ന് കരകയറാന്‍ തുണച്ചത് ഫാനിന്റെ തകരാര്‍. കിടക്കുന്ന മുറിയിലെ ഫാന്‍ തകരാറിലായതു മൂലം കഴിഞ്ഞ ദിവസം മുറി മാറി കിടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഓടിട്ട വീടിനു മുകളിലേയ്ക്ക് മരം പതിക്കുകയായിരുന്നു. ഇവര്‍ മാറികിടന്ന മുറിയുടെ മേലയ്ക്കാണ് മരം വന്ന് വീണത്. ഇതോടെ വലിയ വിപത്തില്‍ നിന്നും കരകയറുകയായിരുന്നു.

കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ പ്രകാശനും കുടുംബവുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അഗ്‌നിശമനസേന മുന്നറിയിപ്പ് നല്‍കിയിട്ടും മുറിച്ച് മാറ്റാത്ത മരമാണ് കടപുഴകിയത്. മുറി മാറി കിടന്നതുകൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പ്രകാശന്‍ പറയുന്നു. മരം വീഴുന്ന ശബ്ദം കേട്ട ഉടനെ മൂന്ന് കുഞ്ഞുങ്ങളെയുമെടുത്ത് പ്രകാശനും ഭാര്യയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ച മുന്‍പ് കിടപ്പുമുറിയായിരുന്ന സ്ഥലം ഇപ്പോള്‍ മണ്‍കട്ടയും ഓടും നിറഞ്ഞ അവസ്ഥയിലാണുള്ളത്. അപകടഭീഷണിയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അഗ്‌നിശമനസേന പൊതുമരാമത്തിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Exit mobile version