കാലങ്ങളായി വീടില്ല, ആറ് വര്‍ഷക്കാലം താമസിച്ചത് ടാര്‍പോളിന്‍ ഷെഡ്ഡില്‍! മഴ പെയ്ത് ഷെഡ്ഡും തകര്‍ന്നതോടെ പെരുവഴിയിലായി സിന്ധുവും രണ്ട് പെണ്‍കുട്ടികളും, മക്കളെ കോണ്‍വെന്റിലാക്കി സുരക്ഷിതരാക്കി ഈ അമ്മ

ടാര്‍പോളിന്‍ വെച്ച ഭൂമി പഞ്ചായത്ത് അനുവദിച്ചാണ്.

ഇടുക്കി: അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് ദുരിതം അനുഭവിക്കുകയാണ് ഇടുക്കി രാജക്കാട്ടെ സിന്ധുവെന്ന വീട്ടമ്മ. സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീടില്ലാത്തതാണ് ഇവരുടെ ദുരിതം. ആറ് വര്‍ഷക്കാലമായി ഒരു ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ഷെഡ്ഡിലായിരുന്നു താമസം. എന്നാല്‍ മഴക്കെടുതിയില്‍ ഇതും തകര്‍ന്നതോടെ പെരുവഴിയിലാണ് കുടുംബം. എന്നാല്‍ തന്റെ പെണ്‍മക്കളെ കോണ്‍വെന്റിലാക്കി സുരക്ഷിതയാക്കിയിരിക്കുകയാണ് ഈ അമ്മ.

ടാര്‍പോളിന്‍ വെച്ച ഭൂമി പഞ്ചായത്ത് അനുവദിച്ചാണ്. കൂലിവേല ചെയ്തു കിട്ടുന്ന പണം അന്നന്നത്തെ ചിലവിനും മക്കളുടെ പഠിപ്പിനും തികയാറില്ല. ഇതോടെ ഈ ഭൂമിയില്‍ അടച്ചുറപ്പുള്ളൊരു വീട് വയ്ക്കാമെന്ന സ്വപ്‌നം സ്വപ്‌നം പോലെ തന്നെ അവശേഷിച്ചു. ഇക്കഴിഞ്ഞ മഴക്കെടുതിയില്‍ ഷെഡ് കൂടുതല്‍ നാശത്തിലായി. പെണ്‍മക്കളെ ഇവിടെ നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലായതോടെയാണ് സിന്ധു അവരെ ആലുവയിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തത്.

നല്ലൊരു ശുചിമുറി ഇല്ലാത്തതിനാല്‍ മക്കളെ അവധിക്ക് കൊണ്ടുവരാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് സിന്ധു പറയുന്നു. വേനല്‍ കടുത്തതോടെയുള്ള ദുരിതങ്ങളും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. സുരക്ഷിതമില്ലായ്മയില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറയുമ്പോഴും തങ്ങളെ സഹായിക്കാന്‍ ഏതെങ്കിലും സുമനസ്സുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സിന്ധുവിന്റെയും മക്കളും.

Exit mobile version