സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജൂലൈ 09 മുതല്‍ 13 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തിന്റെ തീരദേശ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാന്‍ സാധ്യത ഉള്ളതിനാല്‍ കടലില്‍ സന്ദര്‍ശിക്കാന്‍ പോകരുതെന്നും മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ജൂലൈ 10 രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Exit mobile version