വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉമാദേവി; പതിറ്റാണ്ടായി അറിവിന്റെ പൊന്‍വെളിച്ചം പകരുന്ന മുത്തശ്ശി

ആലപ്പുഴ: സംസ്ഥാനത്ത് വായനപക്ഷാചരണം വിവിധ പരിപാടികളോടെ ആചരിക്കുകയാണ്. പതിറ്റാണ്ടായി വായനയുടെ വിശാല ലോകത്തിലേക്ക് ജാലകം തുറന്നുകൊടുത്ത് അറിവിന്റെ പൊന്‍വെളിച്ചം പകര്‍ന്നൊരു മുത്തശ്ശി.

ചെങ്ങന്നൂര്‍ താലൂക്കിലെ ബുധനൂര്‍ കലാപോഷിണി ഗ്രന്ഥശാലയുടെ ഫീല്‍ഡ് ലൈബ്രേറിയന്‍ അടിമുറ്റത്തു ശ്രീംരംഗമഠം ഉമാദേവി അന്തര്‍ജ്ജന (73)മാണ് അറിവിന്റെ വെളിച്ചം പകരുന്ന മുത്തശ്ശി. കഴിഞ്ഞ 13 വര്‍ഷമായി പ്രായാധിക്യം പോലും വകവെയ്ക്കാതെ ഉമാദേവി പുസ്തകങ്ങളുമായുള്ള യാത്ര നടത്തുന്നത്.

തോളില്‍ പുസ്തകം നിറച്ച സഞ്ചിയും തൂക്കി രാവിലെ 9 മണിക്ക് ബുധനൂരിലെ പ്രാന്തപ്രദേശങ്ങളിലൂടെ തുടങ്ങുന്ന യാത്ര തിരികെ വീട്ടിലെത്തുമ്പോള്‍ സൂര്യന്‍ മറഞ്ഞിരിക്കും. ഒരോ വീടുകളും കയറിയിറങ്ങുന്ന ഉമാദേവി അന്തര്‍ജ്ജനത്തിന്റെ മുഖ്യ ലക്ഷ്യം തന്നെ കൂടുതല്‍പേരെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരികയാണ്. വായനലോകത്തിനു തന്നെ മാതൃകയായി മാറുകയാണ് ബിരുദധാരിയായ ഈ മുത്തശ്ശി.

ബുധനൂര്‍ കിഴക്ക്, ബുധനൂര്‍ പടിഞ്ഞാറ്, തയ്യൂര്‍, എണ്ണയ്ക്കാട്, കടമ്പൂര്, കോടന്‍ചിറ, തോപ്പില്‍ ചന്ത എന്നിവിടങ്ങളിലെ കൊച്ചുകുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കുവരെ സുപരിചിതയാണ് പുസ്തകസഞ്ചിയുമായി സഞ്ചരിക്കുന്ന ഉമാദേവി. ഏകദേശം ഇരുന്നൂറില്‍പ്പരം അംഗങ്ങള്‍ക്കാണ് വീടുകളില്‍ കൊണ്ടുചെന്ന് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. പുതിയ പുതിയ വായനക്കാരെ കണ്ടെത്തുന്നതില്‍ ഉമാദേവി ശ്രദ്ധാലുവാണ്.

ചെറുകഥകള്‍, നോവല്‍, കവിതകള്‍, നാടകങ്ങള്‍, ബാലസാഹിത്യം തുടങ്ങിയ പുസ്‌കതങ്ങളാണ് വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് നല്‍കുന്നത്. കൊച്ചു കുട്ടികള്‍ക്ക് പുരാണകഥകളും, ബാലസാഹിത്യ കൃതികളും നല്‍കി അവരെ വായനയുടെ ലോകത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്നു.

പ്രായമായ ചിലര്‍ക്ക് നോവലുകളോടാണ് താല്‍പര്യം, പുരാണകഥകള്‍ വായിക്കുന്നവരും കുറവല്ലെന്നാണ് ഉമാദേവി അന്തര്‍ജ്ജനത്തിന്റെ അഭിപ്രായം. 1950ല്‍ സ്ഥാപിതമായ ബുധനൂര്‍ കലാപോഷിണി ഗ്രന്ഥശാലയില്‍ ഇപ്പോള്‍ ഇരുപതിനായിരത്തില്‍പ്പരം പുസ്തകങ്ങളുണ്ട്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നിരവധി പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു. എങ്കിലും ഇപ്പോഴും ഇത്രയും പുസ്തകങ്ങള്‍ കലാപോഷിണിക്ക് സ്വന്തമായിട്ടുണ്ട്.

കൊട്ടാരക്കര താഴെ മംഗലത്ത് മഠത്തില്‍ പരേതരായ മധുസൂധനന്‍ കണ്ഡരരുടെ മകളായ ഉമാദേവി കൊട്ടാരക്കര മാര്‍ത്തോമ സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഗ്രിഗോറിയോസ് കോളജില്‍ നിന്നും ബിഎ ഡിഗ്രി പൂര്‍ത്തിയാക്കി. ബുധനൂര്‍ അടിമുറ്റത്തുമഠം ശാരംഗമഠത്തിലെ ജാതവേദഭട്ടതിരിപ്പാടിനെ വിവാഹം ചെയ്തു. മക്കള്‍ രാജേഷ്ഭട്ടതിരിയും രജ്ഞിനി ദേവിയുമാണ്.

ഭര്‍ത്താവിന്റെ മരണത്തോടെ ഇനി എന്തുചെയ്യുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നിന്ന തനിക്ക് ബുധനൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റും, ലൈബ്രറി കൗണ്‍സില്‍ സംസസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ അഡ്വ. പി വിശ്വംഭരപണിക്കരാണ് വായനശാലയില്‍ ഫീല്‍ഡ് ലൈബ്രേറിയനായി നിയമനം നല്‍കിയത്. അന്നുമുതല്‍ വളരെ കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതായി അന്തര്‍ജ്ജനം അനുസ്മരിക്കുന്നു.

ആദ്യം തുച്ഛവേതനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമിച്ചത്. പിന്നീട് ജോലിയുടെ ആത്മാര്‍ത്ഥതയിലും, സത്യസന്ധതയും ബോധ്യപ്പെട്ടതിനാല്‍ വീണ്ടും നീട്ടികൊടുക്കാന്‍ ഭരണസമിതി തയ്യാറായി. ബുധനൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്രയും വാനക്കാരെ കണ്ടെത്താന്‍ ഉമാദേവി അന്തര്‍ജ്ജനത്തിന് കഴിഞ്ഞത് ഗ്രന്ഥശാലക്ക് തന്നെ മുതല്‍കൂട്ടാണെന്നു ഗ്രന്ഥശാല ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

സ്‌ക്കൂളില്‍ പോകുവാന്‍ കഴിയാതെ അക്ഷരങ്ങളെന്തെന്ന് അറിയാന്‍ കഴിയാത്തവരെ സാക്ഷരതയുടെ ലോകത്തേക്ക് എത്തിക്കുവാന്‍ കഴിഞ്ഞത് ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. മുന്‍പ് ട്യൂഷന്‍ എടുത്തിരുന്നതിനാല്‍ ബുധനൂരിലെ നിരവധി ശിഷ്യ സമ്പത്തിനുടമയാണ് ഉമാദേവി അന്തര്‍ജ്ജനം.

അക്ഷരം അറിവാണ്, അതു മറ്റുള്ളവരിലേക്ക് പുസ്തക രൂപത്തില്‍ എത്തിക്കുവാന്‍ കഴിയുന്നത് മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നു വായനയുടെ മുത്തശ്ശി അഭിപ്രായപ്പെടുന്നു.

Exit mobile version