ജൂലൈ ആറിലെ പത്രം അഞ്ചാം തീയതി വായിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബി ഗോപാലകൃഷ്ണന്‍; തിരുത്തി നല്‍കിയിട്ടും അബദ്ധം അംഗീകരിക്കാതെ നേതാവ്, വീഡിയോ

''തൊഴില്‍ നല്‍കാന്‍ ബജറ്റിലെന്തുണ്ട്? ബജറ്റ് നല്‍കുന്നത് വിലക്കയറ്റമോ'' എന്ന വിഷയത്തിലായിരുന്നു ചാനല്‍ ചര്‍ച്ച.

കൊച്ചി: രണ്ടാം മോഡി സര്‍ക്കാര്‍ നടത്തിയ ആദ്യ ബജറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ അബദ്ധം വിളിച്ചു പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മീഡിയ വണ്‍ ചാനലിലാണ് സംഭവം നടന്നത്. താന്‍ ജൂലൈ ആറിലെ പത്രം അഞ്ചാം തീയതി വായിച്ചുവെന്ന് പറയുകയായിരുന്നു. എന്നാല്‍ തെറ്റ് അവതാരകന്‍ ചൂണ്ടി കാണിച്ചിട്ടും പറ്റിയ അമളി തിരുത്താന്‍ നേതാവ് തയ്യാറായില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

ജൂലൈ 5 നാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നടന്നത്. പെട്രോള്‍ ഡീസല്‍ തുടങ്ങി അവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിക്കുന്ന കാലമാണ് വരുന്നത്. ഈ സാഹചര്യവുമായി ബന്ധപ്പെട്ടാണ് മീഡിയാ വണ്‍ ചാനലില്‍ ചര്‍ച്ച നടത്തിയത്. ”തൊഴില്‍ നല്‍കാന്‍ ബജറ്റിലെന്തുണ്ട്? ബജറ്റ് നല്‍കുന്നത് വിലക്കയറ്റമോ” എന്ന വിഷയത്തിലായിരുന്നു ചാനല്‍ ചര്‍ച്ച. ”നിങ്ങള്‍ ഇത്രയും നേരം പറഞ്ഞത് ഞാന്‍ മിനിമം താങ്ങുവിലയെ കുറിച്ച് വെറുതെ പറയുകയാണ് എന്നാണ്.

എന്നാല്‍ 2019 ജൂലൈ മാസം ആറാം തീയതി ബിസിനസ് ഇന്ത്യയുടെ പത്രം നല്‍കിയ കാര്യം ഞാന്‍ വായിക്കാം” എന്ന് പറഞ്ഞായിരുന്നു ഗോപാലകൃഷ്ണന്‍ സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ അമളി മനസിലാക്കിയ അവതാരകന്‍ ഏത് വര്‍ഷത്തിലേതാണെന്ന് എടുത്ത് ചോദിക്കുന്നുണ്ട്. അപ്പോഴും 2019 എന്ന് തന്നെ നേതാവ് ആവര്‍ത്തിക്കുന്നുമുണ്ട്. ശേഷം ഇന്ന് അഞ്ചാം തീയതി ആണ്, പിന്നെ എങ്ങനെയാണ് ആറാം തീയതിയിലെ പത്രം വായിക്കുന്നതെന്നും അവതാരകന്‍ എടുത്ത് ചോദിക്കുന്നുണ്ട്. അപ്പോഴും തന്റെ തെറ്റ് തിരുത്താന്‍ നേതാവ് തയ്യാറാകുന്നില്ല. വീണ്ടും വീണ്ടും തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.

കടപ്പാട് ; മീഡിയാ വണ്‍

Exit mobile version