സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍; ഇനി സംഭരണികളില്‍ ശേഷിക്കുന്നത് 10 ശതമാനം ജലം മാത്രം

സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ നീരൊഴുക്ക് നിലയ്ക്കുകയും നാല് സംഭരണികള്‍ വറ്റുകയും ചെയ്തു

തിരുവനന്തപുരം: കാലവര്‍ഷം കനിയാത്തതോടെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍. ഇന്നലത്തെ കണക്കുകള്‍ അനുസരിച്ച് വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ 10 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ നീരൊഴുക്ക് നിലയ്ക്കുകയും നാല് സംഭരണികള്‍ വറ്റുകയും ചെയ്തു.

ഇതോടെ സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലായി. അവശേഷിക്കുന്ന 10 ശതമാനം ജലത്തില്‍ നിന്ന് 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയൊള്ളു എന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രധാന വൈദ്യുതോല്‍പ്പാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയില്‍ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമില്‍ 7 ശതമാനം ജലവുമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,509 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version