എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്, വായിച്ചപ്പോ നെഞ്ച് കലങ്ങി! ചേര്‍ത്തു പിടിക്കണം; വിദ്യാര്‍ത്ഥിയുടെ കത്തിലെ വേദന പങ്കുവെച്ച് അധ്യാപിക, കുറിപ്പ്

ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വലുതായി വരുന്ന കുരുന്നുകളുടെ പ്രതിനിധിയാണ് ഈ വിദ്യാര്‍ഥി എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

കൊച്ചി; ‘എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി…നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ’ ഇത് ക്ലാസിലെ വിദ്യാര്‍ത്ഥിയുടെ കത്ത് വായിച്ചപ്പോഴുണ്ടായ വേദന പങ്കുവെച്ച അധ്യാപികയുടെ കുറിപ്പാണ്. ഒന്നും ഇല്ലായ്മയില്‍ നിന്ന് പഠിച്ച് മുന്നേറാന്‍ കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥിയുടെ കുറിപ്പായിരുന്നു അത്. കത്തിന്റെ ചില ഭാഗങ്ങള്‍ സഹിതം പങ്കുവെച്ചാണ് അധ്യാപിക തന്റെ വേദന കുറിച്ചത്.

‘എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും’ വിദ്യാര്‍ത്ഥി കത്തില്‍ എഴുതിയതിന്റെ ചില ഭാഗങ്ങളിലെ വരികളാണ് ഇത്. ബദറുന്നീസ എന്ന അധ്യാപികയാണ് തന്റെ വിദ്യാര്‍ത്ഥിയുടെ കഷ്ടപ്പാടിലും ദുരിതത്തിലും തകര്‍ന്നു പോയത്. നിരവധി പേരാണ് അധ്യാപികയുടെ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരുടെയും അഭിപ്രായം ആ കുഞ്ഞിനെ ചേര്‍ത്തു തന്നെ പിടിക്കണമെന്നാണ്.

പലരും സഹായവും വാഗ്ദാനവും നല്‍കുന്നുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വലുതായി വരുന്ന കുരുന്നുകളുടെ പ്രതിനിധിയാണ് ഈ വിദ്യാര്‍ത്ഥി എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. നിസാര കാരണങ്ങള്‍ക്കു പോലും കുട്ടികളെ വഴക്കു പറഞ്ഞും മറ്റും ആത്മഹത്യയിലേയ്ക്ക് തള്ളി വിടുന്ന അധ്യാപകരുണ്ട്. അവര്‍ക്കിടയില്‍ മാലാഖയാണ് ഈ അധ്യാപിക എന്ന അഭിപ്രായവും ഉയരുന്നുണ്ട്. സംഭവം ഏതായാലും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

Exit mobile version