വലയില്‍ കുരുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വയിനം കടലാമകളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റെഡ്ലി ഇനത്തില്‍പ്പെട്ട അപൂര്‍വ്വയിനം ആമകളെയാണ് രക്ഷപ്പെടുത്തിയത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടലില്‍ വലയില്‍ കുരുങ്ങിയ കടലാമകളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റെഡ്ലി ഇനത്തില്‍പ്പെട്ട അപൂര്‍വ്വയിനം ആമകളെയാണ് രക്ഷപ്പെടുത്തിയത്. കടലില്‍ വല ഒഴുകി വരുന്നത് കണ്ട് മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ നീന്തി എടുത്തപ്പോഴാണ് വലയില്‍ ആമകള്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ഉടന്‍ തന്നെ അവയെ കരയിലേക്ക് എത്തിച്ച് വല മുറിച്ച് മാറ്റി ആമകളെ രക്ഷിക്കുകയായിരുന്നു. ഓരോ ആമകള്‍ക്കും 50 കിലോ തൂക്കം വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നെയ്തല്‍ പ്രവര്‍ത്തകരെത്തി തൈക്കടപ്പുറത്തെ കടലാമ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.

കാഞ്ഞങ്ങാട് കടപ്പുറത്തെ പ്രവീണ്‍ രമേശ്, സത്യന്‍, പ്രകാശന്‍, പ്രജിത്ത്, പ്രകാശ് എന്നി മത്സ്യത്തൊഴിലാളികളാണ് കടലാമകളെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നാശമായ വലയില്‍ കുടുങ്ങി തൈക്കടപ്പുറത്തെ കല്ലിനടിയില്‍ നിന്ന് രണ്ടു ആമകളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. കടലില്‍ ഉപേക്ഷിക്കുന്ന വലകളും മാലിന്യങ്ങളുമാണ് കടലാമകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version