ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈനും ചെറായി സബ്ബ് സ്‌റ്റേഷനും മന്ത്രി എംഎം മണി ഇന്ന് നാടിന് സമര്‍പ്പിക്കും; യാഥാര്‍ത്ഥ്യമാകുന്നത് 20 വര്‍ഷത്തെ കാത്തിരിപ്പ്

തുടക്കം മുതല്‍ വിവാദങ്ങളുടെ പെരുമഴയായിരുന്നു വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈന്‍.

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈനും ചെറായി സബ്ബ് സ്റ്റേഷനും വൈദ്യുത മന്ത്രി എംഎം മണി ഇന്ന് നാടിന് സമര്‍പ്പിക്കും. ഇതോടെ മന്നം മുതല്‍ ചെറായി വരെയുള്ള 110 കെവി വൈദ്യുത ലൈനാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ് കൂടിയാണ് ഇത്.

തുടക്കം മുതല്‍ വിവാദങ്ങളുടെ പെരുമഴയായിരുന്നു വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈന്‍. എല്ലാ വിവാദങ്ങളെയും തള്ളി മാറ്റിയാണ് ഇപ്പോള്‍ ആ ലക്ഷ്യം യാഥാര്‍ത്ഥ്യമായത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മുനമ്പം അടക്കമുള്ള മേഖല നേരിടുന്ന വൈദ്യുത ക്ഷാമം പരിഗണിച്ചാണ് 1999 ല്‍ മന്നം മുതല്‍ ചെറായി വരെയുള്ള വൈദ്യുത ലൈനും ചെറായി സബ്ബ് സ്റ്റേഷനും രൂപകല്‍പ്പന ചെയ്തത്.

എന്നാല്‍ 2009 ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള അലൈന്‍മെന്റ് തര്‍ക്കങ്ങള്‍ കോടതിയിലെത്തിയതോടെ പണികള്‍ വൈകുകയായിരുന്നു. ഇതിനിടെ ശാന്തി വനത്തില്‍ വൈദ്യുത ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ സ്ഥലമുടമ മീനാ മേനോന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികളും നടത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും കെഎസ്ഇബിക്ക് അനുകൂലമായി വിധി വന്നതോടെയാണ് പണികള്‍ പൂര്‍ത്തീകരിക്കാനായത്.

Exit mobile version