സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാനില്‍ പരിശോധന; ജീവനക്കാര്‍ പലരും മദ്യ ലഹരിയില്‍, മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി, സംഭവം തലസ്ഥാനത്ത്

38 സ്‌കൂളുകളിലെ 400 ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ 50 പേരുടെ ഫോണുകളിലാണ് അശ്ലീല വീഡിയോകള്‍ കണ്ടെത്തിയത്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന സ്വകാര്യ വാനുകളില്‍ പരിശോധന. സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്വകാര്യ വാന്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി.

അതിനുപുറമേ വാഹനം ഓടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന രണ്ട് ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ സ്‌കൂളില്‍ പോകാനും തിരിച്ച് വരാനും കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ വാന്‍ മുതലായ വാഹനങ്ങളെയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

തുടര്‍ന്ന് 38 സ്‌കൂളുകളിലെ 400 ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ 50 പേരുടെ ഫോണുകളിലാണ് അശ്ലീല വീഡിയോകള്‍ കണ്ടെത്തിയത്. ചിലര്‍ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികളുടെ രക്ഷകര്‍ത്താകളുടെ ആശങ്കയെ തുടര്‍ന്നാണ് വാനുകളില്‍ പരിശോധന നടത്തിയതെന്ന് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ് വ്യക്തമാക്കി.

ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് മണിക്കുള്ളിലാണ് പരിശോധന നടത്തിയത്. ലോക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Exit mobile version