ഫോണിന് അസാധാരണ ചൂട്; സ്വിച്ച് ഓഫ് ചെയ്ത് മാറ്റിവെച്ച ഉടനെ പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി രക്ഷപ്പെട്ടത് അത്ഭുതകരമായി!

ഇന്റര്‍നെറ്റ് ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു.

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലില്‍ മലയാളിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എഎസ് സജീറിനാണ് ദുരനുഭവം ഉണ്ടായത്. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വെച്ചതാണ് വലിയ അപകടത്തില്‍ നിന്നും ഒഴിവാകാന്‍ ഇടയായത്.

ശനിയാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണിന് അസാധാരണ ചൂട് അനുഭവപ്പെട്ടത്. ഇന്റര്‍നെറ്റ് ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. എന്നാല്‍ വീണ്ടും ചൂട് കൂടിയതേ ഉള്ളൂ, ഉടനെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. കൈയില്‍ പിടിക്കാനുള്ള പേടി കാരണം സാധനങ്ങള്‍ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വയ്ക്കുകയായിരുന്നു. അല്‍പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉടനെ ഫോണ്‍ കടയില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. അതിനാലാണ് വലിയ വിപത്തില്‍ നിന്നും രക്ഷപ്പെടാനായത്.

കഴിഞ്ഞ ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഒന്നു രണ്ടു തവണ നിലത്ത് വീണതായ് ഷജീര്‍ പറയുന്നു. ഉറങ്ങുന്ന സമയത്തോ വാഹനത്തിലോ ആയിരുന്നെങ്കില്‍ വന്‍ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറയുന്നു. വ്യവസായ നഗരമായ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് എന്‍ജീയനറാണ് സജീര്‍.

Exit mobile version