‘ഇനി പ്രവര്‍ത്തനം അനുവദിക്കില്ല’ കോഴിക്കോട് കല്ലട ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി! പ്രതിഷേധം കനക്കുന്നു

കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇന്ന് രാവിലെയോടെയാണ് പരാതി വന്നത്.

കോഴിക്കോട്: കല്ലട ബസില്‍ ക്രൂരതകളും മറ്റും തുടര്‍ക്കഥയാകുമ്പോള്‍ പ്രതിഷേധവും സംസ്ഥാനം ഒട്ടാകെ വ്യാപിക്കുകയാണ്. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിന്റെ മുമ്പില്‍ കുത്തിയിരുന്നും ബസിന് നേരെ കല്ലെറിഞ്ഞും പ്രതിഷേധം നടത്തുകയാണ്. ഇപ്പോള്‍ കോഴിക്കോടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് കല്ലട ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഇനി പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തുടര്‍ന്ന് പാളയത്തെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും നടത്തി. ജില്ലാ സെക്രട്ടറി പി നിഖില്‍, പ്രസിഡന്റ് വി വസീഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇന്ന് രാവിലെയോടെയാണ് പരാതി വന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബസിലെ രണ്ടാം ഡ്രൈവറാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ ബസ് തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറെ അറസ്റ്റും ചെയ്തു. യാത്രക്കാര്‍ സംഘടിച്ചാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Exit mobile version