100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്തു, ഇറങ്ങാന്‍ നേരം ബാക്കി ചോദിച്ചു; യാത്രക്കാരന്റെ മുഖത്തിടിച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം, സംഭവം കൊച്ചിയില്‍!

രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

കൊച്ചി: ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മുഖത്തിടിച്ച് ബസ് ജീവനക്കാരുടെ ഗുണ്ടായിസം. മുട്ടം തൈക്കാവ് കുളങ്ങരപ്പറമ്പില്‍ നിഷാദിനെ (44)യാണ് ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ആക്രമണത്തില്‍ നിഷാദിന് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ നിഷാദിനെ എറണാകുളം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആലുവയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നിന്നാണ് നിഷാദ് കയറിയത്. ടിക്കറ്റെടുക്കുന്നതിനായി 100 രൂപ നല്‍കി. ബാക്കി തുക ഇറങ്ങുമ്പോഴേക്ക് തിരികെ തന്നാല്‍ മതിയെന്നും നിഷാദ് പറഞ്ഞു.

പിന്നീട് മുട്ടം തൈക്കാവ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട നിഷാദ് ബാക്കി തുക ആവശ്യപ്പെട്ടപ്പോഴാണ് ബസ് ജീവനക്കാര്‍ തര്‍ക്കിച്ചത്. ബസ് ജീവനക്കാരായ മൂന്നു പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും യാത്രക്കാരും നാട്ടുകാരും ഇടപെട്ടപ്പോള്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്ന നിഷാദ് പറയുന്നു. എറണാകുളത്തെ പരസ്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഷാദ്. സംഭവത്തില്‍ ഇതിനോടകം പ്രതിഷേധം ശക്തമായി കഴിഞ്ഞു.

Exit mobile version