വിവാദ കാര്‍ട്ടൂണ്‍; പുരസ്‌കാരം പിന്‍വലിക്കില്ല; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് നേമം പുഷ്പരാജ്

കാര്‍ട്ടൂണ്‍ വിവാദമായതിന് പിന്നാലെ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിന് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കില്ല. അക്കാദമി ഭരണസമിതിയുടെതാണ് തീരുമാനം. ഭരണഘടനാ ലംഘനം ഉണ്ടായോ എന്ന് നിയമപരമായി പരിശോധിക്കും. ജൂറിയുടെ തീരുമാനത്തിന് ഒപ്പമാണ് അക്കാദമിയെന്നും അക്കാദമി ചെയര്‍മാര്‍ നേമം പുഷ്പരാജ് പറഞ്ഞു.

കാര്‍ട്ടൂണ്‍ വിവാദമായതിന് പിന്നാലെ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അവാര്‍ഡ് പുഃനപരിശോധിച്ച സമിതിയാണ് പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയത്. ജൂറി തീരുമാനം അന്തിമമെന്ന് അക്കാദമി ചെയര്‍മാനും വ്യക്തമാക്കി. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേമം പുഷ്പരാജ് പറഞ്ഞു. സുഭാഷ് കെകെ വരച്ച കാര്‍ട്ടൂണാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.

പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നില്‍പ്പ് പോലീസിന്റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും എന്നതായിരുന്നു കാര്‍ട്ടൂണ്‍.
പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.

Exit mobile version