‘കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെ കുത്തിക്കൊല്ലാന്‍ തീരുമാനിച്ച ആര്‍എസ്എസ് ക്രൂരത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഒരു മാധ്യമവും നല്‍കിയില്ല, പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലോ’; രൂക്ഷമായി വിമര്‍ശിച്ച് എഎ റഹീം

അക്രമിക്കപ്പെട്ടത് കമ്മ്യൂണിസ്റ്റായാല്‍ ഒരാളും അനങ്ങുകയില്ല, എന്നാല്‍ പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആകുമ്പോള്‍ മാത്രമാണ് എല്ലാവരുടെയും നീതിബോധം ഉണരുന്നതെന്നും എഎ റഹീം വിമര്‍ശിച്ചു

തൃശ്ശൂര്‍; ആലപ്പുഴ ചുങ്കത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ക്ക് വെട്ടെറ്റ സംഭവത്തില്‍ മാധ്യമങ്ങള്‍ പ്രധാന്യത്തോടെ വാര്‍ത്ത നല്‍കിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. അക്രമിക്കപ്പെട്ടത് കമ്മ്യൂണിസ്റ്റായാല്‍ ഒരാളും അനങ്ങുകയില്ല, എന്നാല്‍ പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആകുമ്പോള്‍ മാത്രമാണ് എല്ലാവരുടെയും നീതിബോധം ഉണരുന്നതെന്നും എഎ റഹീം വിമര്‍ശിച്ചു.

നാലു നാള്‍ മുന്‍പ് വധുവിനുള്ള വിവാഹവസ്ത്രം വധുവിന്റെ വീട്ടിലെത്തിച്ചു മടങ്ങി വരുന്ന വഴിയില്‍ വച്ചായിരുന്നു സുനീറിനെ ആര്‍എസ്എസ് ആക്രമിച്ചത്. കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെ കുത്തിക്കൊല്ലാന്‍ തീരുമാനിച്ച ആര്‍എസ്എസ് ക്രൂരത, അതുവഴി വന്ന ഒന്നുമറിയാത്ത മറ്റൊരാള്‍ കൂടി ആക്രമിക്കപ്പെട്ട സംഭവം. എന്നിട്ടും കണ്ണുനനയിക്കുന്ന വാര്‍ത്ത’യായി,അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഒരു പത്രവും എഴുതിയില്ല. ഒരു ചാനലും ഒരു മിനുറ്റില്‍ കൂടിയ വാര്‍ത്തയായി ഈ കൊടും ക്രൂരത റിപ്പോര്‍ട്ട് ചെയ്തില്ല.

എന്നാല്‍ പ്രതിസ്ഥാനത്തു കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍, മെഡിക്കല്‍ കോളേജ് പരിസരം മാധ്യമങ്ങളാല്‍ നിറഞ്ഞേനെ, രാത്രിചര്‍ച്ചകളില്‍ അവതാരകരുടെ നീതിബോധം ആളിക്കത്തിയേനെ. കരഞ്ഞു തളര്‍ന്ന വധുവിന്റെ മുഖവുമായി മനോരമയും മാതൃഭൂമിയും പുറത്തിറങ്ങിയേനെ…. നാളെ, (വിവാഹം നിശ്ചയിച്ചിരുന്ന ദിവസം)കല്യാണ മണ്ഡപത്തില്‍ നിന്നും ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്‌തേനെ.- എഎ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്;

‘നാളെ സുനീറിന്റെ വിവാഹമായിരുന്നു. ‘വിവാഹത്തലേന്ന്’സുനീറിനെ ഞാന്‍ കണ്ടത് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിനകത്ത് വച്ചായിരുന്നു. കുത്തേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തു വന്നിരുന്നു,കരളിനും മുറിവേറ്റിട്ടുണ്ട്, അപകടനില തരണം ചെയ്ത് തുടങ്ങുന്നതേയുള്ളൂ…ഡോക്ടര്‍മാര്‍ പറഞ്ഞു.

നാലു നാള്‍ മുന്‍പ് വധുവിനുള്ള വിവാഹവസ്ത്രം വധുവിന്റെ വീട്ടിലെത്തിച്ചു മടങ്ങി വരുന്ന വഴിയില്‍ വച്ചായിരുന്നു ആര്‍എസ്എസ് ആക്രമണം. മാരകമായ പരിക്ക്.ആത്മബലവും നല്ല ചികിത്സയും കൊണ്ടാണ് സഖാവ് ഇന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്. സുനീറിനു മുന്‍പ് അതുവഴി വന്ന ഷബീര്‍ഖാനെയും അവര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. സുനീര്‍ ആയിരിക്കുമെന്ന് കരുതിയാണ് ഷബീറിനെ ആക്രമിച്ചത്. ഷബീറിനെയും സന്ദര്‍ശിച്ചു.

കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെ കുത്തിക്കൊല്ലാന്‍ തീരുമാനിച്ച ആര്‍എസ്എസ് ക്രൂരത,അതുവഴി വന്ന ഒന്നുമറിയാത്ത മറ്റൊരാള്‍ കൂടി ആക്രമിക്കപ്പെട്ട സംഭവം,

‘കണ്ണുനനയിക്കുന്ന വാര്‍ത്ത’യായി,അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഒരു പത്രവും എഴുതിയില്ല.
ഒരു ചാനലും ഒരു മിനുറ്റില്‍ കൂടിയ വാര്‍ത്തയായി ഈ കൊടും ക്രൂരത റിപ്പോര്‍ട്ട് ചെയ്തില്ല.

പ്രതിസ്ഥാനത്തു കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍….

മെഡിക്കല്‍ കോളേജ് പരിസരം മാധ്യമങ്ങളാല്‍ നിറഞ്ഞേനെ, രാത്രിചര്‍ച്ചകളില്‍ അവതാരകരുടെ നീതിബോധം ആളിക്കത്തിയേനെ…ശ്രീ സി ആര്‍ നീലകണ്ഠനും,എന്‍പി ചേക്കുട്ടിയും, അഡ്വ ജയശങ്കറും ഉള്‍പ്പെടെയുള്ളവരുടെ ആത്മരോഷത്തിന്റെ ചൂടില്‍ തണുത്തുറഞ്ഞ സ്റ്റുഡിയോ റൂമുകള്‍ സൂര്യാതപമേറ്റ് പിടഞ്ഞേനെ.

കരഞ്ഞു തളര്‍ന്ന വധുവിന്റെ മുഖവുമായി മനോരമയും മാതൃഭൂമിയും പുറത്തിറങ്ങിയേനെ….
നാളെ, (വിവാഹം നിശ്ചയിച്ചിരുന്ന ദിവസം)കല്യാണ മണ്ഡപത്തില്‍ നിന്നും ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്‌തേനെ.

ഇത്രയും ക്രൂരമായ അക്രമത്തിലേക്ക് നയിക്കാവുന്ന ഒരു സംഭവവും ആലപ്പുഴയില്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം നടന്ന ചെറിയ കശപിശ മാത്രമായിരുന്നു കാരണം. പക്ഷേ ആര്‍എസ്എസ്,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ജീവനെടുക്കാനാണ് തീരുമാനിച്ചത്.

എന്തു കൊണ്ട് ഈ ആര്‍എസ്എസ് ഭീകരത വേണ്ടത്ര പ്രാധാന്യത്തോടെ വിചാരണ ചെയ്യപ്പെട്ടില്ല??
ഉത്തരം ലളിതമാണ്,ഇവിടെ,ഇരയുടെ സ്ഥാനത്തായിരുന്നു ഇടതുപക്ഷക്കാര്‍.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു രണ്ടു ഡിവൈഎഫ്‌ഐ പ്രവത്തകരെ കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ആക്രമിച്ചു.ഇരുവരെയും ഞാന്‍ സന്ദര്‍ശിച്ചതാണ്.ഗുരുതരമായ പരിക്കായിരുന്നു ഇരുവര്‍ക്കും.അവിടെയും ഏകപക്ഷീയമായ അക്രമം. കാര്യമായ മാധ്യമ വിചാരണകള്‍ ഉണ്ടായില്ല.

നിങ്ങളുടെ സമാധാന സുവിശേഷങ്ങള്‍ക്ക് പ്രേരണ മാര്‍ക്‌സിസ്റ്റ് വിരുദ്ധത മാത്രമാണ്.അക്രമത്തെയല്ല,ഇടതുപക്ഷത്തെയാണ് നിങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്.
അതുകൊണ്ടാണ് നിങ്ങളുടെ വിചാരണകള്‍ സെലക്ടീവ് ആകുന്നതും..’

Exit mobile version