പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിമാനത്താവളം അദാനിക്ക് വിട്ടു നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് സൂചന.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് സൂചന.

പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

മോഡി രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം ഇത് ആദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഇതോടൊപ്പം രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തെ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കൃഷി, ഗ്രാമവികസനം, നഗരവികസനം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികളും സംസ്ഥാനം നിര്‍ദേശിച്ചു. അതേസമയം, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയേയും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജിസുധാകരനും ഇന്ന് കാണുന്നുണ്ട്.

കേരളമുഖ്യമന്ത്രിയെ കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഇന്ന് മോഡിയെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രധാനമന്ത്രി അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ചേരുന്നത്. അഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യോഗത്തില്‍ പങ്കെടുക്കും.

Exit mobile version