നീലക്കുറിഞ്ഞി പറിക്കുന്നത് കുറ്റകരമെന്ന് വനംവകുപ്പ്; സ്വകാര്യ ലാഭത്തിനായി വില്‍പ്പനയ്ക്ക് വച്ച് കച്ചവടക്കാര്‍

രാജമലയിലടക്കം കുറുഞ്ഞിച്ചെടികള്‍ ഒടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 2000 രൂപയാണ് പിഴയായി വനംവകുപ്പ് ഈടാക്കുന്നത്

ഇടുക്കി: നീലക്കുറിഞ്ഞി സംരക്ഷണത്തിന് വനംവകുപ്പ് വലിയ രീതിയിലുള്ള സംരക്ഷണം ഏര്‍പ്പെടുത്തുമ്പോള്‍ കുറുഞ്ഞിപ്പൂക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന വഴിയോര കച്ചവടക്കാരാണ് നീലക്കുറുഞ്ഞികള്‍ വ്യാപകമായി ഒടിച്ചെടുത്ത് വില്‍പ്പനയ്ക്കായി വയ്ക്കുന്നത്.

രാജമലയിലടക്കം കുറുഞ്ഞിച്ചെടികള്‍ ഒടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 2000 രൂപയാണ് പിഴയായി വനംവകുപ്പ് ഈടാക്കുന്നത്. എന്നാല്‍ മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായി നില്‍ക്കുന്ന കച്ചവടക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ കുറുഞ്ഞിച്ചെടികള്‍ സ്വകാര്യ ലാഭത്തിനായി നശിപ്പിക്കുന്നത്.

ഒടിച്ചുവെച്ചിരിക്കുന്ന ചെടികള്‍ കടയില്‍ കാണുമ്പോള്‍ സന്ദര്‍ശകര്‍ എത്തുമെന്നും അത് വഴി കച്ചവടം വര്‍ദ്ധിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. ചില സഞ്ചാരികള്‍ പണം കൊടുത്ത് കുറിഞ്ഞി ചെടികള്‍ വാങ്ങും. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന ചെടികള്‍ മൂന്നാറിലെ വനപാലകര്‍ പിടികൂടിയാല്‍ വന്‍ പിഴയാണ് ഈടാക്കുന്നത്.

നീലക്കുറുഞ്ഞി വസന്തം തെക്കിന്റെ കാശ്മീരില്‍ നിന്നും പടയിറങ്ങിയപ്പോള്‍ അല്‍പ്പം പൂക്കള്‍ ബാക്കിയുള്ളത് തമിഴ്‌നാടിന്റെ ഭാഗമായ ടോപ്പ് സ്റ്റേഷനിലാണ്. കച്ചവടക്കാരുടെ ഇടയില്‍ ബോധവത്കരണം നടത്തി തമിഴ്‌നാടിന്റെ സഹയത്തോടെ കുറുഞ്ഞിച്ചെടികള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version