പത്തനംതിട്ട അടൂരില്‍ നിന്ന് മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി; ഫോണുകള്‍ സ്വിച്ച് ഓഫ്

ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിലെ അടൂരില്‍ നിന്നും മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ ആയുര്‍വേദ നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ അധികൃതരാണ് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്.

കാണാതായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പുനെ സ്വദേശിനിയാണ്. ഒരാള്‍ പത്തനംതിട്ട സ്വദേശിനിയും മറ്റൊരാള്‍ നിലമ്പൂര്‍ സ്വദേശിനിയുമാണ്. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. എന്നാല്‍ പരാതി സ്വീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പുനെ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലേക്ക് ഇവര്‍ മൂവരും ചേര്‍ന്ന് പോയി എന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ ഇടയ്ക്ക് ചില സമയങ്ങളില്‍ ഇത് ഓണ്‍ ആയിരുന്നതായും കണ്ടെത്തി. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഇവരുടെ ഫോണ്‍ പിന്തുടര്‍ന്ന് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇവര്‍ പുനെയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുകയാണെന്നാണ് നിഗമനം. റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട് ഇവരെ ഉടനെ കണ്ടെത്താനാകുമെന്നാണ് വിശ്വാസം.

Exit mobile version