ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ചോറൂണിനും തുലാഭാരത്തിനും ഫോട്ടോയെടുക്കാം

ചടങ്ങുകള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ എടുത്ത ഫോട്ടോയും തയ്യാറാകും. ഇതിനായി കംപ്യുട്ടറുകളും പ്രിന്റിങ് മെഷീനുകളും സ്ഥാപിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ ഉത്തരവായി. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. ക്ഷേത്രത്തില്‍ ഫോട്ടോയെടുക്കാനായി ഏഴി പേരെ നിയമിച്ചു.

ചടങ്ങുകള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ എടുത്ത ഫോട്ടോയും തയ്യാറാകും. ഇതിനായി കംപ്യുട്ടറുകളും പ്രിന്റിങ് മെഷീനുകളും സ്ഥാപിച്ചു. ചോറൂണിന്റെ ഫോട്ടോയെടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശനിയാഴ്ച രാവിലെ നിര്‍വഹിക്കും.

സ്വകാര്യ വ്യക്തികള്‍ കരാറെടുത്ത് നടത്തിയിരുന്ന ക്ഷേത്രത്തിലെ ഫോട്ടോഗ്രാഫി അഞ്ച് വര്‍ഷം മുമ്പാണ് നിന്ന് പോയത്. 2014ല്‍ രണ്ട് കോടി 18 ലക്ഷം രൂപക്കായിരുന്നു സ്വകാര്യ വ്യക്തി ഫോട്ടോയെടുക്കല്‍ ഒരു വര്‍ഷത്തേക്ക് കരാറെടുത്തിരുന്നത്.

ഇത് സര്‍വ്വകാല റെക്കോഡായിരുന്നു. പിന്നീട് ടിവി ചന്ദ്രമോഹന്‍ ചെയര്‍മാനായിരുന്ന ഭരണസമതിയും കരാറുകാരനും തമ്മിലുള്ള വൈരാഗ്യം കോടതിയിലെത്തി. കോടതി ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ചോറൂണും തുലാഭാരവും ഫോട്ടോയെടുക്കാറുണ്ടായിരുന്നില്ല.

Exit mobile version