പരസ്യമായിരുന്ന് കുഞ്ഞിന് മുലയൂട്ടിയ യുവതിയെ അപമാനിച്ചതിന് ശേഷം സ്വിമ്മിംഗ് പൂളില്‍ നിന്നും പുറത്താക്കി; പ്രതിഷേധമറിയിച്ച് സോഷ്യല്‍ മീഡിയ

മിസ്റ്റി ഡഗറൂ എന്ന യുവതിയെയും പത്ത് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് പുറത്താക്കിയത്

ടെക്‌സാസ്: പരസ്യമായി മുലയൂട്ടിയതിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും സ്വിമ്മിംഗ്പൂളില്‍ നിന്നും പുറത്താക്കി. ടെക്‌സാസ് നഗര കാര്യാലയത്തിന് കീഴിലുള്ള നെസ്സ്‌ലെര്‍ പാര്‍ക് ഫാമിലി അക്വാട്ടിക് സെന്ററിലാണ് സംഭവം. മിസ്റ്റി ഡഗറൂ എന്ന യുവതിയെയും പത്ത് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് പുറത്താക്കിയത്.

10 മാസം പ്രായമുള്ള മകന്‍, നാലുവയസ്സുള്ള മൂത്തമകന്‍, അതേ പ്രായമുള്ള അനന്തരവന്‍ എന്നിവര്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ എത്തിയതായിരുന്നു മുപ്പത്തി രണ്ട്കാരിയായ മിസ്റ്റി ഡഗറൂ. നീന്തുന്നതിനിടെ തന്റെ ഇളയ കുഞ്ഞ് വിശന്നു കരയുന്നത് കേട്ട മിസ്റ്റി നീന്തല്‍കുളത്തിന് സമീപത്തിരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നു.

കുഞ്ഞിന് പരസ്യമായിരുന്ന് മുലയൂട്ടുന്നത് കണ്ട പൂള്‍ ജീവനക്കാരന്‍ കുട്ടിയെയും എടുത്ത് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിസ്റ്റി അതിന് തയ്യാറാവാതെ വന്നതോടെ പൂള്‍ മാനേജറെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൂള്‍ മാനേജര്‍ പരസ്യമായിരുന്നു മുലയൂട്ടാന്‍ അനുവദിക്കില്ലെന്നും ശരീരം മറിച്ച് പുറത്ത് പോകാനും മിസ്റ്റിയോട് ആവശ്യപ്പെട്ടു.

മുലയൂട്ടാന്‍ ആരുടേയും അനുവാദം വേണ്ടെന്ന് മിസ്റ്റി മറുപടി നല്‍കിയതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് പൂള്‍ മാനേജര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയോടും കുട്ടിയോടും പുറത്തുപോകാന്‍ പറഞ്ഞു. പോലീസിന്റെ പ്രതികരണം കേട്ട് ഞെട്ടിയ മിസ്റ്റി കുട്ടികളെയും എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു.

പോലീസിന്റെ സമീപനം ഇത്തരത്തിലായിരിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തന്നെ അപമാനിക്കുകയായിരുന്നെന്നും മിസ്റ്റി പറഞ്ഞു. സംഭവം വിവാദമായതോടെ, മിസ്റ്റിക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തി.

Exit mobile version