മഴ കനത്തു, ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം; രണ്ട് ദിവസത്തിനുള്ളില്‍ ജിയോ ബാഗ് സ്ഥാപിക്കുമെന്ന് കളക്ടര്‍

പ്രദേശത്തെ നൂറിലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്

കൊച്ചി: കാലവര്‍ഷം കനത്തതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് തീരമേഖലയില്‍ ഉള്ളവരാണ്. കഴിഞ്ഞ നാല് ദിവസമായി എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. പ്രദേശത്തെ നൂറിലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ് ഇതിന് പ്രധാന കാരണം.

പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ കടല്‍ക്ഷോഭം തടയാന്‍ രണ്ടു ദിവസത്തിനകം ജിയോ ബാഗ് സ്ഥാപിക്കമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സ്ഫീറുള്ള പറഞ്ഞു. കടല്‍ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം

കളക്ടറേറ്റില്‍ വെച്ച് ചെല്ലാനം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആശങ്ക പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയത്. ജിയോ ബാഗ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച് പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് സമര സമിതി വ്യക്തമാക്കി. നിലവില്‍ തീരദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകില്ലെന്നും താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ വാടകവീടുകളില്‍ താമസിക്കാന്‍ ധന സഹായം അനുവദിക്കണമെന്നമാണ് ചെല്ലാനം സമര സമിതിയുടെ നിലപാട്.

Exit mobile version