ദേശീയ-സംസ്ഥാന കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ കര്‍ഷകന്‍ മരം ഒടിഞ്ഞ് വീണ് മരിച്ചു; ദാരുണം

ഇടുക്കിയില്‍ വാങ്ങിയ കൃഷിയിടത്തിലേക്ക് ഏലത്തട്ടകള്‍ വാങ്ങാന്‍ എത്തിയതായിരുന്നു സിബിയും സുഹൃത്തുക്കളും

തൃശ്ശൂര്‍: ദേശീയ സംസ്ഥാന കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ യുവകര്‍ഷകന്‍ മരം ഒടിഞ്ഞ് വീണ് മരണപ്പെട്ടു. തൃശ്ശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി(49)ആണ് മരിച്ചത്. നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ മഴയിലും കാറ്റിലും സിബിയുടെയും സുഹൃത്ത് മുളകുവള്ളി പുന്നപ്ലാക്കല്‍ ടോമിയുടെയും ദേഹത്തേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കിയില്‍ വാങ്ങിയ കൃഷിയിടത്തിലേക്ക് ഏലത്തട്ടകള്‍ വാങ്ങാന്‍ എത്തിയതായിരുന്നു സിബിയും സുഹൃത്തുക്കളും. സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ കര്‍ഷകോത്തമ അവാര്‍ഡും 2018ലെ ജഗ്ജീവന്റാം ദേശീയ കര്‍ഷകപുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള കര്‍ഷകനാണ് സിബി. പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ്ജീവന്‍ റാം ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി കൂടിയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പ്‌ളാന്റ് ജെനോം സേവിയര്‍ അവാര്‍ഡ്, തൃശ്ശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്‌സഡ് ക്രോപ്പ് ഫെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സിബി ബിരുദധാരിയാണ്, അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

Exit mobile version