തൃശ്ശൂരില്‍ താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്നും ഷോക്കേറ്റു; പാടശേഖരസമിതി പ്രസിഡന്റ് മനോജിന് ദാരുണാന്ത്യം

പുതുക്കാട്: ഉഴിഞ്ഞാല്‍പ്പാടത്ത് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് പാടശേഖരസമിതി പ്രസിഡന്റ് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂര്‍ മാട്ടില്‍ വേലായുധന്റെ മകന്‍ മനോജ് (കണ്ണന്‍-42) ആണ് വൈദ്യുതാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. സ്വന്തംസ്ഥലത്ത് നെല്‍കൃഷിക്ക് വെള്ളം കെട്ടിനിര്‍ത്തിയത് നോക്കുന്നതിനിടെയാണ് മനോജിന് ഷോക്കേറ്റത്. നെഞ്ചുയരത്തില്‍ തൂങ്ങിക്കിടന്ന കമ്പിക്ക് അരികിലൂടെ അടുത്ത കണ്ടത്തിലേക്ക് കടക്കുന്നതിനിടെ തോളില്‍ കമ്പി തട്ടുകയായിരുന്നു. സമീപത്തെ കൃഷിയിടത്തിലുണ്ടായിരുന്ന നാട്ടുകാരന്‍ തിലകനാണ് സമീപവാസികളെയും കര്‍ഷകരെയും വിളിച്ചുകൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മനോജിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മികച്ച നെല്‍ക്കര്‍ഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ് മനോജ്. ഭാര്യ: രമിത. മക്കള്‍: മാളവിക, പാര്‍ത്ഥസാരഥി, വിഷ്ണുപ്രസാദ്.

ഇദ്ദേഹം ഒരുവര്‍ഷംമുമ്പ് വൈദ്യുതി അദാലത്തില്‍ പാടത്തെ അപകടാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ 30-ന് നാട്ടുകാര്‍ വൈദ്യുതിവകുപ്പിന്റെ പുതുക്കാട് സെക്ഷന്‍ ഓഫീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരും തന്നെ ചെവിക്കൊണ്ടിരുന്നില്ല.

Exit mobile version