നെയ്യാറ്റിന്‍കര സനലിന്റെ മരണം; സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരത്തിന് പിന്തുണയുമായി അമ്മയും, നിലപാട് ഉറച്ച് മുന്നോട്ട്

ഹരികുമാറിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സനല്‍ കോല്ലപ്പെട്ട സ്ഥലത്ത് മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു, അതോടൊപ്പം കൊലപാതകത്തിന് പിന്നിലുളളവരെ കണ്ടെത്തുംവരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സനലിന്റെ സഹോദരിയും വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പോലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ. ഹരികുമാറിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്നും അമ്മ രമണി കൂട്ടിച്ചേര്‍ത്തു.

ഹരികുമാറിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സനല്‍ കോല്ലപ്പെട്ട സ്ഥലത്ത് മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. അതോടൊപ്പം കൊലപാതകത്തിന് പിന്നിലുളളവരെ കണ്ടെത്തുംവരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സനലിന്റെ സഹോദരിയും വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തില്‍ 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവസ്ഥലത്തെത്തി അന്വേഷണ സംഘം പരിശോധന നടത്തി. അതേസമയം, ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എപ്പോള്‍ പരിഗണിക്കും എന്നതില്‍ കോടതി ഇന്ന് തീരുമാനം എടുക്കും.

സനല്‍ മരിച്ച് നാലു ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒത്തുകളി ആരോപണം കൂടുതല്‍ ശക്തമാകുകയാണ്. ഇന്നുരാവിലെ ഒമ്പതുമണിക്ക് സനല്‍കുമാറിന്റെ ശവകുടീരത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഓഫീസിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

ഹരികുമാര്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version