ആ ഡ്രൈവറും ഒരു ജീവനാണ്, അയാള്‍ക്കും ഉണ്ട് ഒരു ജീവിതം; ആംബുലന്‍സ് ഡ്രൈവറുടെ മാനസിക സംഘര്‍ഷങ്ങള്‍ തുറന്നെഴുതി ഡോക്ടര്‍ ഷിംന അസീസ്

കഴിഞ്ഞ ദിവസം പാലക്കാടുണ്ടായ അപകടത്തിന് കാരണം ആംബുലന്‍സ് ഡ്രൈവറുടെ അമിതവേഗമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

കൊച്ചി: സ്വന്തം ജീവന് വിലകല്‍പ്പിക്കാതെ മറ്റുള്ളവരുടെ ജീവന് പ്രധാന്യം നല്‍കി പായുന്നവരാണ് കൂടുതലും ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഒരു നിമിഷം പോലും ഒരു ജീവനെ പിടിച്ചു നിര്‍ത്താന്‍ കഴിയും എന്നതില്‍ ഉറച്ച് വിശ്വസിക്കുന്ന വ്യക്തിത്വം. ഓരോ നിമിഷത്തിനും അതിന്റേതായ വില കൊടുത്ത് തിങ്ങി നിറയുന്ന റോഡുകളിലൂടെ കുത്തി തിരുകി പായുമ്പോള്‍ അവരുടെ മനസില്‍ ഒറ്റ ലക്ഷ്യം മാത്രം, പിടയുന്ന ജീവനെ ആശുപത്രിയില്‍ എത്തിക്കുക. ഇതിനിടയില്‍ ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വലുതാണെന്ന് ഡോക്ടര്‍ ഷിംന അസീസ് കുറിക്കുന്നു.

കഴിഞ്ഞ ദിവസം പാലക്കാടുണ്ടായ അപകടത്തിന് കാരണം ആംബുലന്‍സ് ഡ്രൈവറുടെ അമിതവേഗമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. ഡ്രൈവറായോ രോഗിയായോ അല്ലാതെ ആംബുലന്‍സില്‍ കേറീട്ടുണ്ടോ? ബൈസ്റ്റാന്‍ഡറായോ ഡോക്ടറായോ നേഴ്സോ പാരമെഡിക്കല്‍ സ്റ്റാഫോ ആയിട്ടോ അതുമല്ലെങ്കില്‍ ‘ധൈര്യപ്രവാഹികളായിട്ടോ…’ എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് ആരംഭിക്കുന്നത്.

പിന്നീടങ്ങോട്ട് ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഭാവിയില്‍ കൂട്ടാകുന്ന രോഗങ്ങളെയും കുറിച്ച് തുറന്നെഴുതുകയാണ് ഷിംന. ഒടുവില്‍ അവര്‍ക്ക് സല്യൂട്ടും നല്‍കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പാലക്കാട് അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറെ പഴിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഡോക്ടര്‍ ഷിംനയുടെ വാക്കുകള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഡ്രൈവറായോ രോഗിയായോ അല്ലാതെ ആംബുലന്‍സില്‍ കേറീട്ടുണ്ടോ? ബൈസറ്റാന്‍ഡറായോ ഡോക്ടറായോ നേഴ്സോ പാരമെഡിക്കല്‍ സ്റ്റാഫോ ആയിട്ടോ അതുമല്ലെങ്കില്‍ ‘ധൈര്യപ്രവാഹികളായിട്ടോ…’ പല തവണ കയറിയിട്ടുണ്ട്. രണ്ടു തവണ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും കുറേയേറെ തവണ ഡോക്ടറായും. ഓരോ തവണയും മനസ്സ് തരുന്ന ഒരുറപ്പുണ്ട്. ആംബുലന്‍സാണ്, ഏത് വഴിയും കുത്തിക്കൊള്ളിച്ച് സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കാന്‍ മാത്രം വിദഗ്ധനാകും നമ്മുടെ ഡ്രൈവര്‍.

ആടിയുലഞ്ഞ് കൂക്കി വിളിച്ച് പോകുന്ന ആ സൈറന്‍ അന്നുമിന്നും ഭയമാണെനിക്ക്. പക്ഷേ, ആ വാഹനമോടിക്കുന്നവനെക്കുറിച്ച് അവരും അവരുടെ കുടുംബവുമല്ലാതെ വല്ലവരും ചിന്തിക്കുന്നുണ്ടോ ആവോ. ഇന്നലെയൊരു മുന്‍കാല ആംബുലന്‍സ് ഡ്രൈവര്‍ കഴിഞ്ഞ ദിവസത്തെ ട്രോമകെയര്‍ പോസ്റ്റിലിട്ട ഈ കമന്റ് കണ്ടിട്ടാണ് അസംഖ്യം ആംബുലന്‍സ് കണ്ടിട്ടുള്ളവളായിട്ട് പോലും ഒന്നിരുന്നാലോചിച്ചത്-

(” Ambulance .- പോലീസ് ഭാഷ്യം .- 60km ന് മുകളില്‍ speed ‘അനാവശ്യമാണ്’. Bystandanders- 100kmന് മുകളിലും maximum speed പോലും speed കുറവ്. Brake apply ചെയ്താല്‍ തെറി വേറെ. എതിരേ വരുന്നവര്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ വേറെ. സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചാല്‍ ‘അമിതവാടക’. Speed കുറവ് ‘driving അറിയില്ല’ , bill pay ചെയ്യാതെ അവരുടെ സൗകര്യാര്‍ത്ഥം maximam wait ചെയ്യിച്ച് വൈകിപ്പിക്കല്‍. യാദൃശ്ചികമായി അപകടത്തില്‍ പെട്ടാല്‍ ,drink and drive, over speed ആയാല്‍ അഹങ്കാരം,show driving. police കേസ്, ആശുപത്രിചിലവ് നാട്ടുകാരുടെ വക തെറിയും തല്ലും വേറെ. അത്യാഹിതം സംഭവിച്ചാല്‍ (വണ്ടിയില്‍ വെച്ച് പരിക്കുകളോ,മരണമോ സംഭവിച്ചാല്‍ ) കൊലക്കുറ്റത്തില്‍ ഒന്നാം പ്രതി. Licence 6 month suspend ചെയ്യാം അല്ലെങ്കില്‍ കാന്‍സലാകും

Duty, 24 മണിക്കൂര്‍ ഭക്ഷണം യോഗമുണ്ടെങ്കില്‍ കഴിക്കാം.ശമ്പളം , ചിലവ് ഇല്ലാതെ maximum 20000 വരെയോ, 8000 to 10000 വരെ ശമ്പളവും 100/20 ബത്ത. ലഭിക്കുന്ന ട്രോഫി.- കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ഉദരസംബന്ധ രോഗങ്ങള്‍, സന്ധിവേദനകള്‍, പകര്‍ച്ചവ്യാധികള്‍, ചെയ്യേണ്ട പണികള്‍ പ്രധാനമായും.-എല്ലാത്തരം രോഗികളെയും ആവശ്യമായ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ shifting…home to hospital- hospital to hospital- hospital to home. Body shifting ..hospital to home ..home to hospital. സംസ്‌കാരത്തിന് കൊണ്ടുപോകല്‍ വേറെ. തത്സമയം അവസ്ഥയെന്തു തന്നെയായാലും mind ചെയ്യാന്‍ പാടില്ല, രാത്രിയൊ പകലോ മഴയൊ വെയിലൊ കാര്യമാക്കാനോ അമാന്തിക്കാനോ പാടില്ല. Call ചെയ്താല്‍ ഉടനടി spotല്‍ വണ്ടി സ്ഥലത്ത് report ചെയ്തിരിക്കണം.

മറക്കേണ്ടവ.- കുടുംബം, സ്വയരക്ഷ, സ്വന്തം ജീവന്‍, ഭക്ഷണം, സ്വന്തം ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ . ഇങ്ങനെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നൂറുകാര്യങ്ങള്‍ വേറയും. Ambulance drivers ന്റെ മാത്രമല്ല മുഴുവന്‍ driversന്റെയും അവസ്ഥ ഇങ്ങനൊക്കെത്തന്നെ.. Dear drivers, ഒരുത്തനോടും ആത്മാര്‍ത്ഥയുടെ ആവശ്യമില്ല കാരണം അവസാനം കുറ്റക്കാര് നമ്മള്‍ മാത്രമായിരിക്കും നമ്മുടെ safety നോക്കിയുള്ള driving തന്നെയാണ് നല്ലത്. ആരുടെയും വിധിയെ തിരുത്താന്‍ നമുക്കാവുകയില്ല. എന്ന് നിയമത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും സമീപനവും മാറുന്നുവോ അന്ന് നമ്മുടെ രീതികളിലും മാറ്റം വരുത്താം .’ )

കമന്റിട്ട വ്യക്തിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഘടിതരല്ലാത്തതിന്റെയും ഉപദ്രവങ്ങളുടേയും കഥകള്‍ വേറെയും കേട്ടു. താന്തോന്നിത്തരം കാണിച്ച് രോഗിയില്ലാത്തപ്പോള്‍ പോലും അതിവേഗത ഒരു ഉപായമായി സ്വീകരിക്കുന്ന ആംബുലന്‍സ് സാരഥികളെ നമ്മള്‍ കണ്ടു കാണണം. അതൊരു ന്യൂനപക്ഷം മാത്രമാണ്. അവര്‍ക്കുള്ള തെറിവിളീം ഉപദ്രവവും കൂടി മര്യാദക്ക് ജീവിക്കുന്നോന്റെ നെഞ്ചത്ത് തീര്‍ക്കാനും സൈഡ് കൊടുക്കാതിരിക്കാനും രാത്രി എതിരേ ഇവര്‍ വരുമ്പോള്‍ അബദ്ധവശാല്‍ പോലും ഡിം അടിച്ച് കൊടുക്കാതിരിക്കാനും നമ്മള്‍ ബദ്ധ ശ്രദ്ധാലുക്കളാണല്ലോ. ആ ഡ്രൈവറും ഒരു ജീവനാണ്, അയാള്‍ക്കുമൊരു ജീവിതമുണ്ട്. ഓടി വരുന്നത് ഒരു ബന്ധവുമില്ലാത്ത ആരെയോ കാക്കുന്നതില്‍ പങ്കാളിയാവാനാണ്. വണ്ടി അപകടത്തില്‍ പെട്ടാല്‍ അയാളും ഉടഞ്ഞ് തീരുമെന്നറിയാഞ്ഞിട്ടുമാവില്ല.

കുടുംബം നോക്കാനും നെഞ്ചിലൊരിറ്റ് ആര്‍ദ്രത ബാക്കിയുള്ളതും കൊണ്ടാണ് അവരിതിന് ഇറങ്ങിത്തിരിക്കുന്നത്. മിക്കവര്‍ക്കും ട്രോമ കെയര്‍ പരിശീലനം ലഭിച്ചിട്ടില്ല. നേരിട്ട് കാണുന്ന ആഘാതങ്ങള്‍ ഉറക്കവും സൈ്വര്യവും സ്വസ്ഥതയും നശിപ്പിക്കുമ്പോഴും അതിനെ നേരിടാനുള്ള മനോബലമുണ്ടാകാനുള്ള പരിശീലനമോ കൗണ്‍സിലിംഗോ മിക്കയിടത്തുമില്ല. ‘വൈറസ്’ സിനിമയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ കണ്ടില്ലേ? കഥയല്ല അവരൊന്നും. അങ്ങനെ എത്രയോ പേര്‍… മണിക്കൂറുകള്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരമെത്തുന്നവര്‍, റെയില്‍വേ ട്രാക്കില്‍ സ്വയം ഇല്ലാതാക്കിയവരെ കഷ്ണം കഷ്ണമായി വാരിപ്പെറുക്കി എടുക്കുന്നവര്‍, വാഹനത്തിനകത്ത് ഛര്‍ദ്ദിച്ച് പോയ രോഗിയുടെ സ്രവങ്ങളെ പരാതികളേതുമില്ലാതെ കഴുകിക്കളയുന്നവര്‍… പച്ച മനുഷ്യര്‍…

സല്യൂട്ട് ചെയ്യുന്നു ആംബുലന്‍സ് പൈലറ്റുമാരെ. നിങ്ങളുടെ മുന്നിലെ വളയങ്ങള്‍ ജീവന്റെ സ്പന്ദനം പേറുന്നുവല്ലോ… Dr.Shimna Azeez

Exit mobile version